കൂടല്‍മാണിക്യം തിരുവുൽസവം ;മനംനിറച്ച് ചെമ്പടമേളം….

കൂടല്‍മാണിക്യം തിരുവുൽസവം ;മനംനിറച്ച് ചെമ്പടമേളം….

 

ഇരിങ്ങാലക്കുട: പഞ്ചാരിയെപ്പോലെ കൂടല്‍മാണിക്യം ക്ഷേത്രോത്സവമേളത്തിലെ പ്രധാന ആകര്‍ഷകങ്ങളിലൊന്നായ ചെമ്പടമേളത്തിനും ആരാധകരേറെ. ശീവേലിയ്ക്കും വിളക്കെഴുന്നള്ളിപ്പിനുമുള്ള മേളങ്ങള്‍ പഞ്ചാരിയില്‍ തുടങ്ങി ചെമ്പടയില്‍ കൊട്ടിക്കലാശിക്കുകയാണ് പതിവ്. മൂന്നു മണിക്കൂറോളം കിഴക്കേ നടപ്പുരയിലും പടിഞ്ഞാറേ നടപ്പുരയിലും പഞ്ചാരിയുടെ നാദപ്രപഞ്ചം സമ്മാനിച്ചശേഷമാണ് ചെമ്പടമേളം. ശീവേലിക്കും വിളക്കിനും പടിഞ്ഞാറേ നടപ്പുരയില്‍ അഞ്ചാം കാലത്തില്‍ പഞ്ചാരി കൊട്ടിക്കലാശിച്ചാല്‍ പിന്നെ രൂപകം കൊട്ടി മേളക്കാര്‍ ചെമ്പടമേളത്തിലേയ്ക്ക് കടക്കും. കുലീപിനി തീര്‍ഥക്കരയിലൂടെയാണ് ചെമ്പട കടന്നുപോകുന്നത്. അതിനാല്‍ തീര്‍ഥക്കരമേളം എന്നും അറിയപ്പെടുന്നുണ്ട്. ആനപ്പുറത്ത് എഴുന്നള്ളുന്ന ഭഗവാന്റെ സാന്നിധ്യത്തില്‍ വടക്കേനടയില്‍ ചുറ്റമ്പലത്തിന്റെ വാതിലിനടുത്തായിട്ടാണ് ചെമ്പടമേളം നടക്കുക. തീര്‍ഥക്കരയിലെ വിശിഷ്ടമായ ചെമ്പടമേളത്തിന്റെ പ്രതിധ്വനി കുലീപിനി തീര്‍ഥക്കരയില്‍ മാത്രമല്ല, സംഗമേശപുരിയിലെ ഉത്സവാരവങ്ങള്‍ക്കുമീതെ ഒരു പ്രകമ്പനമായി ഉയരുന്നു. ചെമ്പടമേളക്കാര്‍ക്ക് വൈദഗ്ധ്യം തെളിയിക്കാനുള്ള മത്സരവേദി കൂടിയാണ് ഇത്. പടിഞ്ഞാറേനടയില്‍ പഞ്ചാരി അവസാനിക്കുന്നതോടെ വാദ്യക്കാരില്‍ വിദഗ്ധരായവര്‍ മാത്രമാണ് ചെമ്പടയിലേയ്ക്ക് എത്തുക. തീര്‍ഥക്കരയില്‍ ഒരു വൃത്താകൃതി കൈവരിച്ചാണ് ചെമ്പട കൊട്ടുന്നത്. കൂടല്‍മാണിക്യം ഉത്സവം രൂപകല്‍പ്പന ചെയ്തുവെന്ന് വിശ്വസിക്കുന്ന ശക്തന്‍തമ്പുരാന്‍ ചെമ്പടമേളം കേള്‍ക്കാന്‍ വടക്കേതമ്പുരാന്‍ കോവിലകത്തിന്റെ പടിഞ്ഞാറേ ഇറയത്ത് നില്‍ക്കാറുണ്ടെന്ന് പഴമക്കാര്‍ പറയുന്നു. വൃത്താകൃതിയില്‍ പത്തുമിനിറ്റോളം കൊട്ടിക്കയറുന്ന ചെമ്പട പിന്നീട് കിഴക്കേനടപ്പുരയില്‍ വന്ന് കൊട്ടിക്കലാശിക്കുന്നതോടെ ശീവേലിക്ക് പരിസമാപ്തിയാകുന്നത്.

Please follow and like us: