പോക്സോ കേസ്സിൽ മറ്റത്തൂർ സ്വദേശിയായ അറുപതുകാരന് 45 വർഷം തടവ്..
ഇരിങ്ങാലക്കുട:പതിമൂന്ന് വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 45 വർഷം തടവും 2,25,000/- രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് രവിചന്ദർ സി. ആർ. വിധി പ്രസ്താവിച്ചു.
2020 കാലയളവിൽ പ്രായപൂർത്തിയാകാത്ത 13 വയസ്സുകാരിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയെന്നാരോപിച്ച് വെള്ളിക്കുളങ്ങര പോലീസ് ചാർജ്ജ് ചെയ്ത കേസ്സിൽ പ്രതിയായ മറ്റത്തൂർ സ്വദേശി രാജനെതിരെയാണ് (60 വയസ്സ്) കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 13 സാക്ഷികളേയും 24 രേഖകളും തെളിവുകളായി നൽകിയിരുന്നു. വെള്ളിക്കുളങ്ങര പോലീസ് സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന ഡേവീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ ഇൻസ്പെക്ടർ ആയിരുന്ന മിഥുൻ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫീസർ ടി. ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
പോക്സോ നിയമത്തിൻ്റെ വിവിധ വകുപ്പുകൾ പ്രകാരം 40 വർഷം കഠിനതടവും കൂടാതെ 5 വർഷം തടവും 2,25,000/- രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 15 മാസം വെറും തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ വിയ്യൂർ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
പിഴ സംഖ്യ ഈടാക്കിയാൽ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകുവാനും പ്രതി റിമാൻ്റ് കാലയളവിൽ ജയിലിൽ കഴിഞ്ഞ കാലയളവ് ശിക്ഷയിൽ ഇളവ് നൽകുവാനും വിധിയിൽ നിർദ്ദേശിച്ചിട്ടുണ്ട്.