എഴുപതോളം മോഷണക്കേസ്സുകളിലെ പ്രതിയായ കൊട്ടാരക്കര സ്വദേശി ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിൽ ; കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ തന്നെ പ്രതി നടത്തിയത് 37 ഓളം മോഷണങ്ങൾ എന്ന് പോലീസ്….
ഇരിങ്ങാലക്കുട : എഴുപതോളം മോഷണക്കേസ്സുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കൊട്ടാരക്കര മേലില സ്വദേശി ഷെഫീഖ് മൻസിലിൽ റഫീഖ് എന്ന സതീഷിനെ (42 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ നവംബർ പതിനെട്ടാം തിയ്യതി ചേർപ്പ് സി.എൻഎൻ സ്കൂൾ കുത്തിത്തുറന്ന് ഒരു ലക്ഷത്തി അമ്പതിനായിരം രൂപയും സി.സി.ടി.വി ഉപകരണങ്ങളും മോഷ്ടിച്ച കേസ്സിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റഫീഖ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ നവംബർ മാസം മുതൽ മുപ്പത്തേഴോളം മോഷണങ്ങൾ ചെയ്തതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്.
ഇനിയും മോഷണങ്ങൾ ചെയ്തിട്ടുള്ളതായി സംശയമുണ്ട്. ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുക്കുമെന്നും ഡി.വൈ.എസ്.പി അറിയിച്ചു. ഇടുക്കി, ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം, തിരുവനന്തപുരം സെൻട്രൽ തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ കേസ്സുകൾ ഉണ്ട്. പകൽ സമയത്ത് മാന്യമായ വസ്ത്രങ്ങൾ ധരിച്ച് ബസ്സുകളിൽ സഞ്ചരിച്ചാണ് ഇയാൾ മോഷണം നടത്തേണ്ട സ്ഥലങ്ങൾ ഇയാൾ കണ്ടെത്തുന്നത്. രാത്രി പറമ്പുകളിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും ഒളിച്ചിരുന്ന് പുലർച്ചയോടെയാണ് മോഷണം നടത്തുന്നതെന്നും ഒരേ ദിവസം തന്നെ തന്നെ പല കേന്ദ്രങ്ങളിൽ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്നും പോലീസ് പറഞ്ഞു.ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.
എം.സി. കുഞ്ഞിമോയിൻകുട്ടി, ഇൻസ്പെക്ടർ വി.എസ്.വിനീഷ്, എസ്.ഐ. ശ്രീലാൽ.എസ്, ടി.എ.റാഫേൽ, സീനിയർ സി.പി.ഒ മാരായ പി.എ.സരസപ്പൻ , ഇഎസ്.ജീവൻ , സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, കെ.സുനിൽകുമാർ , എം.യു.ഫൈസൽ ചാലക്കുടി സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. സതീശൻ മടപ്പാട്ടിൽ സീനിയർ സിപിഒ മാരായ എം.ജെ.ബിനു, ഷിജോ തോമസ്, സൈബർ സെൽ സി.പി.ഒ കെ.വി.പ്രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.