കോൺഗ്രസ്സ് നേതൃത്വത്തിലുള്ള കാർഷിക ബാങ്ക് ഭരണസമിതിയിൽ നിന്നും സീനിയർ അംഗം രാജി വച്ചു; രാജി ഭരണനേതൃത്വത്തിൻ്റെ നടപടികളോടുള്ള വിയോജിപ്പിനെ തുടർന്നെന്ന് സൂചന ..
ഇരിങ്ങാലക്കുട : കോൺഗ്രസ്സ് നേത്യത്വത്തിലുള്ള ബാങ്ക് ഭരണസമിതിയിൽ നിന്ന് സീനിയർ അംഗം രാജി വച്ചു. ഇരിങ്ങാലക്കുട കാർഷിക വികസന ബാങ്ക് ഭരണസമിതിയിൽ നിന്നും സീനിയർ അംഗം ഐ കെ ശിവജ്ഞാനമാണ് രാജി വച്ചിരിക്കുന്നത്. തിലകൻ പൊയ്യാറ പ്രസിഡണ്ടും രജനി സുധാകരൻ വൈസ്- പ്രസിഡണ്ടുമായുള്ള ഭരണസമിതിയാണ് ബാങ്ക് ഭരണം കയ്യാളുന്നത്. കോൺഗ്രസ്സിലെ എ ഗ്രൂപ്പിൽ നിന്നുള്ള എഴ് പേരും ഐ ഗ്രൂപ്പിൽ നിന്നുള്ള ആറ് പേരും അടങ്ങുന്ന ഭരണസമിതി നിലവിൽ വന്നിട്ട് അധികം നാളുമായിട്ടില്ല. ഭരണനേത്യത്വത്തിൻ്റെ നടപടികളോടുള്ള വിയോജിപ്പിനെ തുടർന്നാണ് രാജിയെന്നാണ് സൂചന. ഐ ഗ്രൂപ്പിൽ നിന്നുള്ള ഐ കെ ശിവജ്ഞാനം 82 മുതൽ ഉള്ള കാലഘട്ടത്തിൽ അഞ്ച് വർഷമൊഴിച്ച് ഭരണസമിതി അംഗമാണ്. എഴര വർഷം വൈസ്-പ്രസിഡണ്ട് സ്ഥാനവും അഞ്ച് വർഷം പ്രസിഡണ്ട് സ്ഥാനവും വഹിച്ചിട്ടുണ്ട്. കെപിസിസി, ഡിസിസി അംഗം, പടിയൂർ പഞ്ചായത്ത് ഭരണസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ഭരണസമിതി യോഗങ്ങളിലും ഐ കെ ശിവഞ്ജാനം പങ്കെടുത്തിരുന്നില്ല. അഭിപ്രായ ഭിന്നതകൾ വ്യക്തമാക്കിയിരുന്നുവെന്നും കാര്യമുണ്ടായില്ലെന്നും രാജി പിൻവലിക്കില്ലെന്നും കോൺഗ്രസ്സുകാരനായി തുടരുമെന്നും ഐ കെ ശിവജ്ഞാനം വ്യക്തമാക്കിയിട്ടുണ്ട്.