ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; ശ്രദ്ധ നേടി നിളയും വൈറൽ സെബിയും; ആറാം ദിനത്തിൽ പ്രദർശിപ്പിക്കുന്നത് ഡോക്യുമെൻ്ററികൾ…
ഇരിങ്ങാലക്കുട : അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്രചലച്ചിത്രമേളയുടെ ആറാം ദിനത്തിൽ പ്രദർശിപ്പിക്കുന്നത് ശ്രദ്ധേയമായ ഡോക്യുമെൻ്ററികൾ. മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകൾ നടത്തിയ ഐതിഹാസികമായ പെമ്പിളൈ ഒരുമൈ സമരവും അനുബന്ധ വിഷയങ്ങളും പ്രതിപാദിക്കുന്ന ” മണ്ണ് ” മാസ് മൂവീസിൽ രാവിലെ 10 നും തുടർന്ന് 12 ന് കവയിത്രി സുഗതകുമാരി വിവിധ ഘട്ടങ്ങളിലായി നടത്തിയ സാമൂഹിക ഇടപെടലുകളുടെ ചരിത്രം പറയുന്ന ” തോൽക്കുന്ന യുദ്ധത്തിലെ പടയാളികൾ ” ഉം പ്രദർശിപ്പിക്കും. വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ ജർമ്മൻ ചിത്രമായ ‘അഫയർ ‘ സ്ക്രീൻ ചെയ്യും.
ചലച്ചിത്രമേളയുടെ അഞ്ചാം ദിനത്തിൽ പ്രദർശിപ്പിച്ച നിള, വൈറൽ സെബി എന്നീ ചിത്രങ്ങൾ ശ്രദ്ധ നേടി. പ്രദർശനാനന്തരം നടന്ന ചടങ്ങിൽ വൈറൽ സെബിയുടെ സംവിധായിക വിധു വിൻസെൻ്റിനെ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എം പി സുരേന്ദ്രൻ ആദരിച്ചു.