ഠാണ-ചന്തക്കുന്ന് വികസനം; നഷ്ടപ്രതിഫല തുക വിതരണം  മാർച്ച് 11 ന് ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു …

ഠാണ-ചന്തക്കുന്ന് വികസനം;

നഷ്ടപ്രതിഫല തുക വിതരണം

മാർച്ച് 11 ന് ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു …

 

ഇരിങ്ങാലക്കുട : ഠാണ-ചന്തക്കുന്ന് ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ടു ഭൂമി ഏറ്റെടുക്കുന്നവർക്കും തൊഴിൽ നഷ്ടപ്പെടുന്നവർക്കുമുള്ള നഷ്ടപ്രതിഫല തുകയുടെ വിതരണം ആരംഭിക്കുന്നതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും നിയോജക മണ്ഡലം എം എൽ എയുമായ ഡോ.ആർ. ബിന്ദു അറിയിച്ചു.

 

മാർച്ച് 11 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് ഇരിങ്ങാലക്കുട സിവിൽസ്റ്റേഷനിലെ താലൂക്ക് കോൺഫറൻസ് ഹാളിൽ വച്ച് നഷ്ട പ്രതിഫല വിതരണത്തിൻ്റെ ഉദ്ഘാടനം മന്ത്രി ആർ. ബിന്ദു നിർവ്വഹിക്കും.

ഭൂ ഉടമസ്ഥർ ഹാജരാക്കിയ രേഖകളുടെ പരിശോധന പൂർത്തിയാക്കി ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം തുക അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്കുള്ള നഷ്ടപരിഹാര തുകയുടെ അവാർഡ് ആണ് തിങ്കളാഴ്ച വിതരണം ചെയ്യുന്നത്. ഗുണഭോക്താക്കൾക്ക് ട്രഷറിയിൽ നിന്ന് തുക അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കുന്നതായിരിക്കും.

ഇനിയും പൂർണ്ണമായി രേഖകൾ നൽകാനുള്ളവർ ഉണ്ടെങ്കിൽ എത്രയും വേഗം ആവശ്യമായ രേഖകൾ എൽ എ ജനറൽ തഹസീൽദാരുടെ ഓഫീസിൽ കൈമാറി അർഹമായ നഷ്ടപ്രതിഫല തുക ഉടൻ കൈപ്പറ്റാനുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

Please follow and like us: