നന്മയുടെ പ്രകാശം പരത്തി ഇരിങ്ങാലക്കുട-തൃപ്രയാർ റൂട്ടിലെ സ്വകാര്യ ബസ്സുകൾ; ഇന്നത്തെ കളക്ഷൻ മുഴുവൻ വൈഷ്ണവിയുടെ ചികിത്സക്ക് …

നന്മയുടെ പ്രകാശം പരത്തി ഇരിങ്ങാലക്കുട-തൃപ്രയാർ റൂട്ടിലെ സ്വകാര്യ ബസ്സുകൾ; ഇന്നത്തെ കളക്ഷൻ മുഴുവൻ വൈഷ്ണവിയുടെ ചികിത്സക്ക് …

 

ഇരിങ്ങാലക്കുട : സമയക്രമത്തെ ചൊല്ലിയുള്ള തർക്കങ്ങളുടെ പേരിൽ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്ന

ഇരിങ്ങാലക്കുട-തൃപ്രയാർ റൂട്ടിലെ സ്വകാര്യ ബസ് സർവീസുകളിൽ ബുധനാഴ്ച നിറഞ്ഞത് നൻമയുടെ പ്രകാശം. രോഗത്തിന്‍റെ ഇരുട്ടറയിൽ നിന്ന് ആശ്വാസത്തിന്‍റെ പ്രകാശത്തിലേക്ക് വരാനായി വൈഷ്ണവിയെന്ന വീട്ടമ്മയുടെ ചികിത്സക്കായുള്ള ധനസമാഹാരണത്തിനു വേണ്ടിയാണ് ബുധനാഴ്ച റൂട്ടിൽ ബസുകൾ ഓടിയത്. ഇന്ന് ലഭിച്ച

കളക്ഷൻ മുഴുവനും വൈഷ്ണവിയുടെ ചികിത്സക്കായി സ്വകാര്യ ബസുകാർ കൈമാറും.

കരൾ-വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയക്കായി ധനസഹായം തേടുന്ന എടത്തിരുത്തി പൊനത്തിൽ പരേതനായ ബാലകൃഷ്ണന്‍റെ മകൻ സലീഷിന്‍റെ ഭാര്യയും പരേതനായ കൊറോംപറമ്പിൽ ഘോഷിന്‍റെ മകളുമായ വൈഷ്ണവിക്ക് ( 34) തങ്ങളാൽ കഴിയും വിധമുള്ള സാമ്പത്തിക സഹായം നൽകാൻ ഇരിങ്ങാലക്കുട- തൃപ്രയാർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസുകളുടെ അസോസിയേഷനുകൾ കൈകൊർത്തപ്പോൾ സേവ് വൈഷ്ണവി പ്രചരണത്തിന് അതേറെ ആശ്വാസമായി.

കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ വിദഗ്ധ ചികിത്സയിലാണ് വൈഷ്ണവിയിപ്പോൾ. വൈഷ്ണവിയുടെ ജീവൻ നിലനിർത്തുന്നതിന് വൃക്കയും കരളും എത്രയുംവേഗം മാറ്റിവയ്ക്കണമെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാരുടെ നിർദേശം. രണ്ടുശസ്ത്രക്രിയകൾക്കും കൂടി ഏകദേശം 35 ലക്ഷം രൂപയാണ് ചെലവു വരിക.

നിർധന കുടുംബാംഗമായ വൈഷ്ണവിക്കും ഭർത്താവിനും ഈ തുക താങ്ങാവുന്നതിനപ്പുറമാണ്. ഭർത്താവിനും ആറുവയസുകാരിയായ മകൾക്കും വയോധികയായ അമ്മയ്ക്കും ഭർതൃമാതാവിനും ഒപ്പമാണ് വൈഷ്ണവി കഴിയുന്നത്. ആഴ്ചയിൽ മൂന്ന് ഡയാലിസിസ് നടത്തിയാണ് വൈഷ്ണവിയുടെ ജീവൻ ഇപ്പോൾ നിലനിർത്തുന്നത്. ഭാര്യയുടെ ചികിത്സാകാര്യങ്ങൾക്കായി ജോലി ഉപേക്ഷിച്ചാണ് സലീഷ് കൂടെ നിൽക്കുന്നത്. വൈഷ്ണവിയുടെ ശസ്ത്രക്രിയകൾ നടത്തുന്നതിനായി വൈഷ്ണവി ചികിത്സാ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്.

Please follow and like us: