കരുവന്നൂർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി
വീണ്ടും ആത്മഹത്യാശ്രമം; പല്ലിശ്ശേരി സ്വദേശിയെ രക്ഷപ്പെടുത്തി..
ഇരിങ്ങാലക്കുട : കരുവന്നൂർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി വീണ്ടും ആത്മഹത്യാശ്രമം. പല്ലിശ്ശേരി സ്വദേശി വാഴപ്പിള്ളി വീട്ടിൽ രാജേഷ് (51) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പുല്ലിൽ കുടുങ്ങിയ ഇയാളെ മൂർക്കനാട് സ്വദേശി റഷീദിൻ്റെ നേത്വത്തിൽ രക്ഷിച്ചു.
തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. പുഴയിൽ ചാടിയ ശേഷം ഒഴുകി പുല്ലിനിടയിൽ പെട്ട ആളെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് റഷീദ് സ്വന്തമായുള്ള ചെറിയ ബലൂണ്‍ വഞ്ചിയും ട്യൂബുമായെത്തി ആളെക്കയറ്റി ഉന്തി കരയിലെത്തിക്കുകയായിരുന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ഇയാളെ
ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാസർഗോഡുനിന്ന് വന്ന് പല്ലിശേരി അമ്പലത്തിന് പരിസരത്തായി താമസിക്കുന്ന രാജേഷ് സെക്യൂരിറ്റി ജീവനക്കാരനാണ്.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ കരുവന്നൂർ പാലത്തിൽ നിന്ന് ചാടിയ ഏഴ് ആത്മഹത്യ ശ്രമങ്ങളിൽ ആറുപേരും മരിച്ചിരുന്നു .കരുവന്നൂർ വലിയപാലം ആത്മഹത്യ മുനമ്പായി മാറുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് പാലത്തിലുടനീളം നെറ്റ് കെട്ടി സംരക്ഷിക്കുമെന്ന് മന്ത്രി ആർ.ബിന്ദു അറിയിച്ചിരുന്നു.