ഇരിങ്ങാലക്കുട നഗരസഭയുടെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം; നടപ്പിലാക്കുന്നത് 23 കോടി രൂപയുടെ പദ്ധതികൾ .

ഇരിങ്ങാലക്കുട നഗരസഭയുടെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം; നടപ്പിലാക്കുന്നത് 23 കോടി രൂപയുടെ പദ്ധതികൾ ..

 

ഇരിങ്ങാലക്കുട : നഗരസഭയുടെ 2024-25 വർഷത്തെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം. 23 കോടിയോളം രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള 46 മരാമത്ത് പ്രവൃത്തികളുടെ ടെണ്ടർ നടപടികൾക്ക് നഗരസഭാ യോഗം അംഗീകാരം നൽകി. അവശേഷിക്കുന്ന അഞ്ച് പ്രവൃത്തികളുടെ ടെണ്ടർ നടപടികൾ പൂർത്തീകരിക്കുന്ന സാഹചര്യത്തിൽ മുൻകൂറായി അനുമതി നൽകാനും തീരുമാനമായി.

നഗരസഭാ പരിധിയിലെ 27 കുളങ്ങളും സംരക്ഷിക്കാൻ ശുചിത്വ മിഷൻ മിഷൻ അനുവദിച്ചിട്ടുള്ളതായി ചെയർപേഴ്സൺ യോഗത്തിൽ അറിയിച്ചു. ഇതിനായി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ സേവനം വിനിയോഗിക്കാൻ സാധിക്കും. നഗരസഭ ഓഫീസ് ,ടൗൺ ഹാൾ, മാർക്കറ്റ്, ബസ് സ്റ്റാൻ്റ് എന്നിവടങ്ങളിൽ പുതിയ ടോയ്ലറ്റുകൾ നിർമ്മിക്കാൻ ശുചിത്വ മിഷനിൽ നിന്നും പത്ത് കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൺ യോഗത്തിൽ അറിയിച്ചു. ടൗൺ ഹാളിലെ ടോയ്ലറ്റുകളുടെ അവസ്ഥയും പ്രവർത്തനരഹിതമായ ഫാനിൻ്റെ കാര്യവും ഭരണകക്ഷി അംഗം പി ടി ജോർജ്ജ് ശ്രദ്ധയിൽ കൊണ്ട് വന്നപ്പോഴാണ് മറുപടി നൽകിയത്.

കൂടൽമാണിക്യക്ഷേത്ര ഉൽസവത്തിന് മുന്നോടിയായി ക്ഷേത്ര പരിസരത്തെ റോഡുകൾ അറ്റകുറ്റപ്പണികൾ നടത്താനും യോഗം തീരുമാനിച്ചു.

കഴിഞ്ഞ യോഗത്തിൽ അനധികൃത മാംസ വ്യാപാരം സംബന്ധിച്ച വിഷയത്തിൽ ബിജെപി വോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്നും നടപടി ക്രമങ്ങൾ പാലിച്ച് കൗൺസിൽ മുന്നോട്ട് പോകണമെന്നും ബിജെപി അംഗം സന്തോഷ് ബോബൻ ആവശ്യപ്പെട്ടു.

യോഗത്തിൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ അംബിക പള്ളിപ്പുറത്ത്, മാർട്ടിൻ ആലേങ്ങാടൻ, കെ പ്രവീൺ, സി സി ഷിബിൻ , രാജി കൃഷ്ണകുമാർ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.

Please follow and like us: