അന്തേവാസിയായ പതിമൂന്നുകാരനെ പീഡിപ്പിച്ച കേസ്സിൽ കൊറ്റനെല്ലൂർ ആശ്രമാധിപന് 20 വർഷം കഠിനതടവ്…
ഇരിങ്ങാലക്കുട : അന്തേവാസിയായ പതിമൂന്നുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസ്സിൽ ആശ്രമാധിപന് എഴ് വർഷം കഠിനതടവും പതിമൂന്ന് വർഷം വെറും തടവും തൊണ്ണൂറായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് രവിചന്ദർ സി. ആർ. വിധി പ്രസ്താവിച്ചു.
2018 മെയ് മാസം മുതൽ ജൂൺ എഴ് വരെയുള്ള കാലയളവിനുള്ളിൽ അന്തേവാസിയായ ബാലനെ ആശ്രമത്തിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തി പീഢിപ്പിച്ചുവെന്ന് ആരോപിച്ച് ആളൂർ പോലീസ് ചാർജ്ജ് ചെയ്ത കേസ്സിൽ പ്രതിയായ കൊറ്റനെല്ലൂർ ബ്രഹ്മാനന്ദാലയം ആശ്രമത്തിലെ സ്വാമി നാരായണധർമ്മതൻ എന്ന താമരാക്ഷനെയാണ് (55 വയസ്സ്) കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 13 സാക്ഷികളെയും 17 രേഖകളും പ്രതി ഭാഗത്തുനിന്ന് 6 രേഖകളും ഹാജരാക്കിയിരുന്നു. ആളൂർ പോലീസ് സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന വി വി വിമൽ രജിസ്റ്റർ ചെയ്ത കേസ്സിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്സൺ ഓഫീസർ ടി. ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
പോക്സോ നിയമത്തിൻ്റെ വിവിധ വകുപ്പുകളിലായി 7 വർഷം കഠിനതടവിനും കൂടാതെ 10 വർഷം വെറും തടവിനും കൂടാതെ, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം 3 വർഷം വെറും തടവിനും തൊണ്ണൂറായിരം രൂപ പിഴ അടയ്ക്കാനും പിഴയൊടുക്കാതിരുന്നാൽ 10 മാസം വെറും തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശ്ശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
പിഴ സംഖ്യ ഈടാക്കിയാൽ ആയത് പീഢിപ്പിക്കപ്പെട്ട കുട്ടിയ്ക്ക് നഷ്ടപരിഹാരമായി നൽകുവാനും ഉത്തരവിൽ വ്യവസ്ഥയുണ്ട്.