അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള മാർച്ച് 8 മുതൽ 14 വരെ; വിവിധ ഭാഷകളിലായി പ്രദർശിപ്പിക്കുന്നത് 21 ചിത്രങ്ങൾ ..
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേത്യത്വത്തിൽ തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രോൽസവം, ചലച്ചിത്ര അക്കാദമി ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന അഞ്ചാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള മാർച്ച് എട്ട് മുതൽ 14 വരെ നടക്കും. ഇരിങ്ങാലക്കുട മാസ് മൂവീസ്, ഓർമ്മ ഹാൾ എന്നീ കേന്ദ്രങ്ങളിലായി വിവിധ ഭാഷകളിൽ നിന്നുള്ള ഇരുപത്തിയൊന്ന് ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. വിവിധ ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയ ജോസഫ്സ് സൺ, ആഗ്ര, സിഗ്നേച്ചർ, ഡൈവോഴ്സ്, ഡീപ് ഫ്രിഡ്ജ്, തടവ് , ബി 32 ടു 44 വരെ തുടങ്ങിയ ചിത്രങ്ങളും ഡോക്യുമെൻ്ററികളും രാവിലെ 10, 12 എന്നീ സമയങ്ങളിലായി മാസ് മൂവീസിലും വൈകീട്ട് 6 ന് ഓർമ്മ ഹാളിലും പ്രദർശിപ്പിക്കും. വിവിധ ചിത്രങ്ങളുടെ സംവിധായകരും സാങ്കേതിക വിദഗ്ധരും ഫെസ്റ്റിവലിന് എത്തും. ഫെസ്റ്റിവലിൻ്റെ ഡെലഗേറ്റ് പാസ്സിൻ്റെ വിതരണോദ്ഘാടനം ഫെബ്രുവരി 16 ന് വൈകീട്ട് 4 ന് റോട്ടറി ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രവാസിയും ഇൻസൈഡ് ഔട്ട്സൈഡ് ഹോം ഗ്യാലറിയുടെ എംഡിയുമായ വേണുഗോപാലമേനോൻ നിർവഹിക്കും. ഫെസ്റ്റിവലിൻ്റെ പോസ്റ്റർ സംവിധായകൻ ജിതിൻ രാജ് പ്രകാശനം ചെയ്യും.