ഇരിങ്ങാലക്കുട നഗരസഭയുടെ 2024-25 വാർഷിക പദ്ധതിക്ക് നഗരസഭാ യോഗത്തിൻ്റെ അംഗീകാരം; ധനകാര്യ കമ്മീഷൻ്റെ ഗ്രാൻ്റ് നഷ്ടപ്പെട്ട സംഭവത്തെ ചൊല്ലി നഗരസഭാ യോഗത്തിൽ ബഹളം; വസ്തുതകൾ സർക്കാരിനെ ധരിപ്പിച്ചിട്ടുണ്ടെന്നും ഗ്രാൻ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നഗരസഭ ഭരണ നേത്യത്വം.

ഇരിങ്ങാലക്കുട നഗരസഭയുടെ 2024-25 വാർഷിക പദ്ധതിക്ക് നഗരസഭാ യോഗത്തിൻ്റെ അംഗീകാരം; ധനകാര്യ കമ്മീഷൻ്റെ ഗ്രാൻ്റ് നഷ്ടപ്പെട്ട സംഭവത്തെ ചൊല്ലി നഗരസഭാ യോഗത്തിൽ ബഹളം; വസ്തുതകൾ സർക്കാരിനെ ധരിപ്പിച്ചിട്ടുണ്ടെന്നും ഗ്രാൻ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നഗരസഭ ഭരണ നേത്യത്വം.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭക്ക് കേന്ദ്ര ധനകാര്യ കമ്മീഷൻ്റെ ഗ്രാൻ്റ് നഷ്ടപ്പെട്ട വിഷയത്തെ ചൊല്ലി നഗരസഭ യോഗത്തിൽ ബഹളം. 2024-25 വാർഷിക പദ്ധതി അംഗീകാരത്തിനായി ചേർന്ന അടിയന്തരയോഗമാണ് തുടക്കത്തിൽ തന്നെ ബഹളത്തിൽ കലാശിച്ചത്. നിശ്ചിത അജണ്ടക്ക് മുമ്പായി എൽഡിഎഫ് അംഗം സി സി ഷിബിനാണ് ഗ്രാൻ്റ് നഷ്ടപ്പെട്ട വിഷയം ചർച്ച ചെയ്യണമെന്നും ചെയർപേഴ്സൺ വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടത്. നിശ്ചിത അജണ്ടക്ക് ശേഷം ചർച്ച ചെയ്യാമെന്ന നിലപാട് ഭരണപക്ഷം എടുത്തതോടെ എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേല്ക്കുകയായിരുന്നു. ഒടുവിൽ വിഷയാവതരണത്തിന് അനുമതി നൽകിയെങ്കിലും വാർഷിക പദ്ധതി ചർച്ചക്ക് ശേഷം മറുപടി നൽകാമെന്ന് ചെയർപേഴ്സൺ പറഞ്ഞപ്പോൾ പ്രതിപക്ഷം വഴങ്ങി. തുടർന്ന് വാർഷിക പദ്ധതി അംഗീകാരത്തിന് ശേഷം ചെയർപേഴ്സണും സെക്രട്ടറിയും ഗ്രാൻ്റ് നഷ്ടമായ വിഷയത്തിൽ വിശദീകരണം നൽകി. ഗ്രാൻ്റ് വിഷയത്തിൽ ഔദ്യോഗികമായ ഒരു കത്തും ലഭിച്ചിട്ടില്ലെന്നും നികുതി പിരിവിൽ ഇരിങ്ങാലക്കുട നഗരസഭ കഴിഞ്ഞ വർഷം സംസ്ഥാനത്ത് എഴാം സ്ഥാനത്തായിരുന്നുവെന്നും കണക്കുകൾ രേഖപ്പെടുത്തിയതിൽ പിഴവ് സംഭവിച്ചതായി സംശയമുണ്ടെന്നും ഇത് സംബന്ധിച്ച് സർക്കാരിലേക്ക് എഴുതിയിട്ടുണ്ടെന്നും ഫണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെയർപേഴ്സൺ മറുപടി നൽകി. സംസ്ഥാനത്തിൻ്റെ ആഭ്യന്തര ഉത്പാദന വളർച്ചാ നിരക്കായ 7.45 % ത്തിന് ആനുപാതികമായി സാമ്പത്തിക വളർച്ച തദ്ദേശസ്ഥാപനങ്ങളും നേടണമെന്നതാണ് ധനകാര്യ കമ്മീഷൻ്റെ നിബന്ധനയെന്നും വസ്തുനികുതി വരുമാനത്തിൽ വന്ന കുറവ് കൊണ്ടാകാം ഗ്രാൻ്റ് നിഷേധിച്ചതെന്നും എന്നാൽ 2018-19 മുതൽ 2022- 23 വരെ ശരാശരി ഒൻപത് ശതമാനം വസ്തു നികുതി ഡിമാൻ്റ് വർധിച്ചിട്ടുണ്ടെന്നും ഇത് ധരിപ്പിച്ചിട്ടുണ്ടെന്നും വസ്തുത ധനകാര്യ കമ്മീഷന് ബോധ്യപ്പെട്ടാൽ ഗ്രാൻ്റ് പുനസ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രണ്ടേകാൽ കോടി രൂപയാണ് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നതെന്നും സെക്രട്ടറി എം എച്ച് ഷാജിക് യോഗത്തിൽ വിശദീകരിച്ചു. 2009 ൽ ഇരിങ്ങാലക്കുട നഗരസഭയിൽ നിയമവിരുദ്ധമായി നടത്തിയ 33 % നികുതി വർധനവാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നതെന്നും ഈ വർധനവ് പിന്നീട് റദ്ദാക്കേണ്ടി വന്നതായും സി സി ഷിബിൻ കുറ്റപ്പെടുത്തി.
നേരത്തെ ഇരുപത് കോടിയോളം രൂപയുടെ വാർഷികപദ്ധതിക്ക് യോഗം അംഗീകാരം നൽകി. യോഗത്തിൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു. വൈസ്-ചെയർമാൻ ടി വി ചാർലി, അംഗങ്ങളായ പി ടി ജോർജ്ജ്, അംബിക പള്ളിപ്പുറത്ത് ,സന്തോഷ് ബോബൻ, അൽഫോൺസ തോമസ്, ടി കെ ഷാജു,കെ പ്രവീൺ, നസീമ കുഞ്ഞുമോൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.

Please follow and like us: