ജനപ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും ഇല്ല; താലൂക്ക് വികസന സമിതി യോഗം പ്രഹസനമാകുന്നുവെന്ന് വിമർശനം; യോഗത്തിൽ നിന്നും യുഡിഎഫ് പ്രതിനിധികൾ ഇറങ്ങിപ്പോയി ..
ഇരിങ്ങാലക്കുട : താലൂക്ക് വികസന സമിതി യോഗം പ്രഹസനമാക്കുന്നതിൽ പ്രതിഷേധിച്ച് യോഗത്തിൽ നിന്നും യുഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. മുകുന്ദപുരം താലൂക്ക് വികസന സമിതിയുടെ 173 – മത് യോഗമാണ് നാടകീയ രംഗങ്ങൾക്ക് വേദിയായത്. 11 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന യോഗം ആരംഭിച്ചത് തന്നെ ഇരുപത് മിനിറ്റ് വൈകിയാണ്. ചാലക്കുടി എം പി യുടെ പ്രതിനിധി മുർഷിദുൽ ജന്നത്ത് രാജിൻ്റെ അധ്യക്ഷതയിലാണ് യോഗം ആരംഭിച്ചത്. തുടർന്ന് സംസാരിച്ച കോൺഗ്രസ്സ് പ്രതിനിധി ആൻ്റോ പെരുമ്പിള്ളി വികസന സമിതി യോഗം പ്രഹസനമായി മാറിയിരിക്കുകയാണെന്നും സമിതിയുടെ അധ്യക്ഷയായ എംഎൽഎ യും പഞ്ചായത്ത് അധ്യക്ഷൻമാരും വകുപ്പ് ഉദ്യോഗസ്ഥരും കൃത്യമായി പങ്കെടുക്കുന്നില്ലെന്നും യോഗ തീരുമാനങ്ങൾ നടപ്പിലാക്കുന്നില്ലെന്നും യോഗം ബഹിഷ്ക്കരിക്കുകയാണെന്നും അറിയിച്ചു. കേരള കോൺഗ്രസ്സ് പ്രതിനിധി സാം തോംസണും ഇതേ വികാരം പങ്ക് വച്ചു. മാപ്രാണത്ത് മോഷണങ്ങൾ വർധിക്കുകയാണെന്നും വിഷയം ശ്രദ്ധയിൽ പ്പെടുത്താൻ യോഗത്തിൽ പോലീസ് വകുപ്പിൻ്റെ ഒരു പ്രതിനിധി പോലും പങ്കെടുക്കുന്നില്ലെന്നും സാം തോംസൺ ചൂണ്ടിക്കാട്ടി. തുടർന്ന് ആൻ്റോ പെരുമ്പിള്ളിയുടെ നേത്യത്വത്തിൽ യുഡിഎഫ് പ്രതിനിധികളായ കെ എ റിയാസുദ്ദീൻ, സാം തോംസൺ, കെ സി കാർത്തികേയൻ ,റോക്കി ആളൂക്കാരൻ എന്നിവർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. യോഗം ബഹിഷ്ക്കരിക്കുകയാണെന്ന് അധ്യക്ഷൻ മുർഷിദുൽ ജന്നത്ത് രാജും പ്രഖ്യാപിച്ചു. ഇതേ തുടർന്ന് പുതുക്കാട് എം എൽ എ എ വി ചന്ദ്രൻ്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്.
സപ്ലൈകോ യുടെ ഔട്ട്ലെറ്റുകളിൽ പതിമൂന്ന് ഇനം സബ്സിഡി ഇനങ്ങൾ ലഭ്യമല്ലാത്ത വിഷയം വീണ്ടും ചർച്ചയിൽ വന്നു. പണം നൽകാൻ കുടിശ്ശിക ളള്ളത് കൊണ്ട് ടെണ്ടർ നടപടികൾ നടക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. കാറളം പഞ്ചായത്തിൽ റോഡരികുകളിൽ മുറിച്ച് മാറ്റിയ മരങ്ങൾ നീക്കം ചെയ്യാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ചൂണ്ടിക്കാട്ടി. വിവിധ വിഷയങ്ങൾക്ക് മറുപടി നൽകാൻ ഉദ്യോഗസ്ഥരില്ലാത്ത വിഷയം ഗൗരവമായി കാണേണ്ടതുണ്ടെന്ന് അധ്യക്ഷൻ എ വി ചന്ദ്രനും ചർച്ചകൾക്കൊടുവിൽ പറഞ്ഞു. യോഗത്തിൽ ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ പി രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.