വനിത പഞ്ചായത്ത് അംഗത്തെ അർദ്ധരാത്രിയിൽ ഇൻക്വസ്റ്റിന് കാവൽ നിർത്തിയ കാട്ടൂർ എസ് ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരള മഹിളാസംഘം …
ഇരിങ്ങാലക്കുട : വനിതാ പഞ്ചായത്ത് അംഗത്തെ അർധരാത്രിയിൽ ഇൻക്വസ്റ്റിന് കാവൽ നിറുത്തിയ കാട്ടൂർ എസ് ഐക്കെതിരെ പ്രതിഷേധം. പടിയൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ കഴിഞ്ഞ 26 ന് ഒരു വീട്ടിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം പോലീസിനെ അറിയിച്ച വാർഡ് മെമ്പർ ജയശ്രീലാലിനാണ് ഈ അനുഭവമുണ്ടായത്. മൃതദേഹം അഴിച്ച് ആശുപത്രിയിൽ കൊണ്ടുപോകാനാണ് മെമ്പറോട് ആ സമയം പോലീസ് പറഞ്ഞത്. നാട്ടുകാർ ഇരിങ്ങാലക്കുട ഡിവൈഎസ്പി യെ ബന്ധപ്പെട്ടതിനെ തുടർന്ന് രാത്രി പത്തരയോടെ കാട്ടൂർ പോലീസെത്തി. പഞ്ചായത്ത് മെമ്പർ വരാതെ മൃതദേഹം അഴിക്കാൻ കഴിയില്ലെന്ന് എസ് ഐ പറഞ്ഞതിനെ തുടർന്ന് ചെന്ത്രാപ്പിന്നിയിലെ ബന്ധു വീട്ടിലായിരുന്ന മെമ്പറെ വിളിച്ചു വരുത്തിയ ശേഷമാണ് മൃതശരീരം താഴെ ഇറക്കിയത്. ശേഷം ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചപ്പോൾ ഇൻക്വസ്റ്റ് പൂർത്തിയാകാതെ മെമ്പർ പോകാൻ പാടില്ലെന്ന് എസ് ഐ പറഞ്ഞതായും പുലർച്ചെ 4 മണി വരെ മെമ്പറെ പോകാൻ അനുവദിക്കാതെ പോലീസ് പിടിച്ചു നിർത്തിയതായിട്ടുമാണ് ആരോപണം ഉയർന്നിരിക്കുന്നത്. കാട്ടൂർ എസ് ഐ ക്കെതിരെ കർശനടപടികൾ സ്വീകരിക്കണമെന്ന് കേരള മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് സുമതി തിലകനും സെക്രട്ടറി അനിത രാധാകൃഷണനും ആവശ്യപ്പെട്ടു.