റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി നവകേരള സദസ്സ് മുമ്പാകെയും ഓൺലൈനായും അപേക്ഷ നൽകിയവർക്ക് കാർഡുകൾ നൽകി തുടങ്ങി; വിശക്കുന്നവൻ്റെ വിശപ്പകറ്റുക എന്നത് ജനാധിപത്യ ഭരണകൂടങ്ങളുടെ ഒന്നാമത്തെ കടമയെന്ന് മന്ത്രി ഡോ ആർ ബിന്ദു….
ഇരിങ്ങാലക്കുട : റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി
നവ കേരള സദസ്സ് മുമ്പാകെയും കഴിഞ്ഞ വർഷം ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈനായും അപേക്ഷ സമർപ്പിച്ചവരിൽ അർഹരെന്ന് കണ്ടെത്തിയവർക്ക് കാർഡുകൾ നൽകാനുള്ള നടപടികൾ തുടങ്ങി. മുകുന്ദപുരം താലൂക്ക് പരിധിയിൽ ഏറ്റവും അർഹരായ 100 കുടുംബങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട 28 കുടുംബങ്ങൾക്ക് റേഷൻ കാർഡ് വിതരണം ചെയ്യുന്നതിന്റെയും, ബാക്കി കുടുംബങ്ങൾക്ക്
ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കത്ത് കൈമാറുന്ന ചടങ്ങിന്റെയും താലൂക്ക് തല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. വിശക്കുന്നവൻ്റെ വിശപ്പകറ്റുക എന്നതാണ് ജനാധിപത്യ ഭരണകൂടങ്ങളുടെ പ്രഥമ കടമയെന്നും കോവിഡ് കാലഘട്ടത്തിൽ സർക്കാർ കിറ്റ് വിതരണം അടക്കമുള്ള നടപടികൾ സ്വീകരിച്ചതും ഇതിൻ്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. താലൂക്ക് കോൺഫ്രറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് കുമാരി ടി വി ലത അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ്-ചെയർമാൻ ടി വി ചാർലി, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, നഗരസഭ കൗൺസിലർ നസീമ കുഞ്ഞുമോൻ , താലൂക്ക് സപ്ലൈ ഓഫീസർ എൽബി പി എ എന്നിവർ സംസാരിച്ചു.