ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളിന് അഞ്ച് മാസത്തിനുള്ളിൽ പൈതൃകമതിൽ ; നിർമ്മാണ പ്രവർത്തനങ്ങൾ 48 ലക്ഷം രൂപ ചിലവിൽ….
ഇരിങ്ങാലക്കുട : ഗവ. ഗേൾസ് ഹയർ സെക്കന്ററി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പൈതൃക ചുറ്റുമതിലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മുൻ എം എൽ എ പ്രൊഫ കെ യു അരുണൻ്റെ 2018-19 ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 48 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിതി കേന്ദ്രത്തിൻ്റെ മേൽനോട്ടത്തിലാണ് നിർമ്മാണം. സ്കൂളിൻ്റെ മുൻവശത്തെയും വലതു ഭാഗത്തെയും നിലവിലുള്ള മതിലും പ്രവേശന കവാടങ്ങളും പൊളിച്ച് മാറ്റി മുൻഭാഗത്ത് നിന്ന് ഒരു മീറ്റർ ഉള്ളിലേക്ക് മാറി വെട്ട് കല്ല് ഉപയോഗിച്ച് നൂറ് മീറ്ററിൻ്റെ പൈതൃക മതിലും പടിഞ്ഞാറ് ഭാഗത്ത് നിലവിലുള്ള മതിൽ പൊളിച്ച് 135 മീറ്ററിൽ പുതിയ മതിലും പ്രവേശന കവാടങ്ങളും നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത് . അഞ്ച് മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. മലയാറ്റൂർ സ്വദേശിയായ ബോസ് തോമസാണ് ഇ ടെണ്ടർ പ്രക്രിയയിലൂടെ ടെണ്ടർ എടുത്തിരിക്കുന്നത്. സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർമ്മാണോദ്ഘാടനം നിർവഹിച്ചു. 131 വർഷത്തെ ചരിത്രമുള്ള സ്കൂളിന് കാലാനുസത്യമായ മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും പൈതൃക മതിലിൻ്റെയും രണ്ട് കോടി രൂപ ചിലവഴിച്ചുള്ള പുതിയ കെട്ടിടത്തിൻ്റെയും നിർമ്മാണം പൂർത്തിയാകുന്നതോടെ സ്കൂളിൻ്റെ മുഖഛായ മാറുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന നിർമ്മിതി കേന്ദ്രം റീജിയണൽ എൻജിനീയർ സതീദേവി പദ്ധതി വിശദീകരിച്ചു. നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.ജിഷ ജോബി, വാർഡ് കൗൺസിലർ ഒ എസ് അവിനാശ്, പിടിഎ പ്രസിഡന്റ് പി കെ അനിൽകുമാർ, എസ് എം സി പ്രസിഡന്റ് വി വി റാൽഫി, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ കെ ആർ ധന്യ എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ പ്രിൻസിപ്പൽ ബിന്ദു പി ജോൺ സ്വാഗതവും ഹെഡ്മിസ്ട്രസ് പി ആർ ഉഷ നന്ദിയും പറഞ്ഞു.