ശ്രീകൂടൽമാണിക്യം ദേവസ്വം; പുതിയ ഭരണസമിതി അംഗങ്ങളുടെ കാര്യത്തിൽ ധാരണയായെന്ന് സൂചന …
ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ദേവസ്വം ഭരണസമിതിയിലെ പുതിയ അംഗങ്ങളുടെ കാര്യത്തിൽ എകദേശ ധാരണയായതായി സൂചന. ജനുവരി 28 നാണ് പ്രദീപ് മേനോൻ ചെയർമാനായുള്ള നിലവിലെ കമ്മിറ്റി കാലാവധി പൂർത്തിയാക്കുന്നത്. നിലവിലെ ധാരണ പ്രകാരം കലാമണ്ഡലം മുൻ വൈസ്- ചാൻസലറും ശ്രീകൂടൽമാണിക്യം ദേവസ്വം ആർക്കൈവ്സ് ഉപദേശക സമിതി അംഗവുമായ ഡോ ടി കെ നാരായണൻ , അവിട്ടത്തൂർ ക്ഷേത്ര സമിതി പ്രസിഡണ്ടും റിട്ട. ബാങ്ക് മാനേജരുമായ ഡോ മുരളി ഹരിതം, നാടക കലാകാരനും പ്രവാസി സംഘം മേഖലാ പ്രസിഡണ്ടുമായ വി സി പ്രഭാകരൻ, തൃക്കൂർ സ്വദേശി രാഘവൻ മുളങ്ങാടൻ , ജീവനക്കാരുടെ പ്രതിനിധിയായി ഓഫീസ് സ്റ്റാഫ് ബിന്ദു ഉദയൻ , തന്ത്രി പ്രതിനിധിയായി നെടുമ്പുള്ളി തരണനെല്ലൂർ മനയിൽ നിന്ന് എൻ പി ഗോവിന്ദൻ നമ്പൂതിരിപ്പാട് എന്നിവരും നിലവിലെ കമ്മിറ്റിയിൽ നിന്ന് അഡ്വ കെ ജി അജയകുമാറുമാണ് പരിഗണനയിലുള്ളത്. ഇടതുമുന്നണിയിലെ സിപിഎം , സിപിഐ, ജനതാദൾ പ്രതിനിധികളായിട്ടാണ് ഇവർ കമ്മിറ്റിയിലേക്ക് വരുന്നത്. പാർട്ടികളുടെ ഉയർന്ന ഘടകങ്ങളിൽ നിന്നുള്ള ഇടപെടലുകൾ ഇല്ലെങ്കിൽ പേരുകളിൽ മാറ്റങ്ങൾ ഉണ്ടാകില്ലെന്നും വ്യക്തമായിട്ടുണ്ട്.