കനത്ത മഴ; കോൾനിലങ്ങളിലെ കൃഷി നാശം ഒഴിവാക്കാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്ന് മുകുന്ദപുരം താലൂക്ക് വികസനസമിതി ; നവകേരള സദസ്സിൽ ലഭിച്ച അപേക്ഷകളിൽ തുടർനടപടികൾ നടന്ന് വരികയാണെന്ന് അധികൃതർ ….
ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് പാടശേഖരങ്ങൾ വെള്ളം നിറഞ്ഞ് കൃഷി നശിക്കുന്ന സാഹചര്യം ഉള്ളതിനാൽ ഇല്ലിക്കൽ , മുനയം, എനാമാവ്, കൊറ്റംകോട് എന്നിവടങ്ങളിലെ ഷട്ടറുകൾ അടിയന്തരമായി തുറക്കാൻ ജില്ലാ ഭരണകൂടം നടപടികൾ മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. അപ്രതീക്ഷിത മഴയിൽ മേഖലയിലെ കോൾ നിലങ്ങൾ വെള്ളം നിറഞ്ഞ അവസ്ഥയിലാണെന്ന് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് ജെ ചിറ്റിലപ്പിള്ളി , കുമാരി ടി വി ലത എന്നിവർ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം തന്നെ ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് തഹസിൽദാർ കെ ശാന്തകുമാരി യോഗത്തിൽ അറിയിച്ചു.
നവകേരള സദസ്സുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളിൽ നിന്നായി എണ്ണായിരത്തോളം അപേക്ഷകളാണ് ലഭിച്ചതെന്നും രണ്ട് ദിവസത്തിനുള്ളിൽ തുടർ നടപടികൾക്കായി ജില്ലയിലേക്ക് കൈമാറിയെന്നും അപേക്ഷയുടെ സ്വഭാവം അനുസരിച്ച് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് ഇവ അയക്കുന്ന നടപടികൾ നടന്ന് വരികയാണെന്നും തഹസിൽദാർ അറിയിച്ചു. ഇത് സംബന്ധിച്ച് കോൺഗ്രസ്സ് പ്രതിനിധി ആന്റോ പെരുമ്പിള്ളി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ധനസഹായം, പട്ടയം എന്നിവയെ അധികരിച്ചാണ് ഭൂരിപക്ഷം അപേക്ഷകൾ എന്നും തഹസിൽദാർ സൂചിപ്പിച്ചു.
താലൂക്ക് വികസന സമിതിയിൽ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് കൃത്യമായ മറുപടികൾ ലഭിക്കുന്നില്ലെന്ന് മാപ്രാണം നന്തിക്കര ഭാഗത്തുള്ള നടുവിലാൽ – കുന്നുമ്മക്കര റോഡിന്റെ വിഷയം വീണ്ടും ഉന്നയിച്ച് കൊണ്ട് കേരള കോൺഗ്രസ്സ് പ്രതിനിധി സാം തോംസൺ പറഞ്ഞു. എംഎൽഎ യുടെ ഫ്ലക്സ് വച്ചിട്ടുണ്ടെങ്കിലും റോഡ് നിർമ്മാണം ഇത് വരെ പൂർത്തീകരിച്ചിട്ടില്ല.
നഗരസഭ പരിധിയിൽ കുടിവെള്ള പദ്ധതികൾക്കായി പൊളിച്ചിട്ടുള്ള റോഡുകളുടെ പുനർനിർമ്മാണ പ്രവ്യത്തികൾ ചൊവ്വാഴ്ച ആരംഭിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാറിന്റെ ചോദ്യത്തിന് മറുപടിയായി ഉദ്യോഗസ്ഥർ അറിയിച്ചു.
മാപ്രാണം മേഖലയിൽ മോഷണങ്ങൾ വർധിക്കുകയാണെന്നും പോലീസ് നിഷ്ക്രിയമാണെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
യോഗത്തിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ , നഗരസഭ വൈസ്- ചെയർമാൻ ടി വി ചാർലി, ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തഹസിൽദാർ കെ ശാന്തകുമാരി സ്വാഗതം പറഞ്ഞു.