ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്‍,
വിശ്വാസ സഹസ്രങ്ങള്‍ സാക്ഷി, രൂപം എഴുന്നള്ളിച്ചുവെക്കലിന് വന്‍ ഭക്തജന തിരക്ക് …
ഇരിങ്ങാലക്കുട: ചരിത്ര പ്രസിദ്ധമായ സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപെരുന്നാളിന്റെ തിരുസ്വരൂപം എഴുന്നള്ളിച്ച് വെക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം. രാവിലത്തെ ദിവ്യബലിക്കു ശേഷം വീടുകളിലേക്കു അമ്പെഴുന്നള്ളിപ്പുകള്‍ നടന്നു. വീടുകളുടെ മുന്‍വശം അലങ്കരിച്ച പിണ്ടികള്‍, കൊടിതോരണങ്ങള്‍ എന്നിവ കൊണ്ടു വര്‍ണാഭമാക്കിയിരുന്നു. പിണ്ടികളില്‍ സ്ഥാപിച്ചിരുന്ന മണ്‍ചിരാതുകള്‍ തെളിയിച്ചും ദീപാലങ്കാരങ്ങള്‍ തെളിയിച്ചും പടക്കം പൊട്ടിച്ചും ഭക്തിയുടെ നിറവിലാണു വിശുദ്ധന്റെ തിരുസ്വരൂപം ഭക്തര്‍ വീടുകളിലേക്കു ആനയിച്ചത്. കത്തീഡ്രല്‍ ദേവാലയത്തില്‍ വൈകീട്ട് അഞ്ചിന് നടന്ന രൂപം എഴുന്നള്ളിച്ച് വെക്കലിന് ആയിരങ്ങള്‍ പങ്കുകൊണ്ടു. രൂപം എഴുന്നള്ളിച്ചു വെക്കല്‍, നേര്‍ച്ച വെഞ്ചിരിപ്പ് എന്നീ തിരുകര്‍മങ്ങള്‍ക്കു വികാരി ഫാ. പയസ് ചെറപ്പണത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ദിവ്യബലിക്കു ശേഷം ഭക്തജനങ്ങള്‍ക്കു ദര്‍ശന പുണ്യം പകര്‍ന്നാണു വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ പ്രദക്ഷിണമായി പള്ളിചുറ്റി നേര്‍ച്ച പന്തലില്‍ പ്രതിഷ്ഠിച്ചത്.
കത്തീഡ്രലില്‍ നാളെ രാവിലെ
10.30 ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് -ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ കാർമ്മികത്വം വഹിക്കും.
വൈകീട്ട് 3.00 ന് ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം ഏഴിനു പള്ളിയില്‍ സമാപിക്കും.