പിണ്ടിപ്പെരുന്നാള്‍; ആഘോഷ നിറവില്‍ ഇരിങ്ങാലക്കുട.
ദീപാലങ്കാരങ്ങള്‍ തെളിഞ്ഞു …
ഇരിങ്ങാലക്കുട: പിണ്ടിപ്പെരുന്നാള്‍ ആഘോഷങ്ങളില്‍ മതി മറന്ന് ഇരിങ്ങാലക്കുട നഗരവും നിവാസികളും. വൈദ്യുത ദീപങ്ങളും വര്‍ണ തോരണങ്ങളും ചൊരിയുന്ന വര്‍ണങ്ങളുടെ ആകർഷണീയതയിലാണ് നഗരം. കത്തീഡ്രല്‍ ദേവാലയത്തിലെ ദീപാലങ്കാരങ്ങളുടേയും, പ്രവാസികൂട്ടായ്മ ഒരുക്കിയ പ്രവാസിപന്തലിന്റേയും, പള്ളിയുടെ തെക്കേ നടയിലും കിഴക്കേ നടയിലും ഒരുക്കിയിട്ടുള്ള ബഹുനിലപന്തലുകളുടേയും സ്വിച്ച് ഓണ്‍ കര്‍മ്മം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം നിര്‍വഹിച്ചു. തുടര്‍ന്ന് കത്തീഡ്രല്‍ അങ്കണത്തില്‍ മാപ്രാണം ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ കല്ലേറ്റുംകര ദാസന്‍ നയിക്കുന്ന 101 കലാകാരന്മാരുടെ പിണ്ടിമേളം അരങ്ങേറി. നാളെ വൈകീട്ട് 5.30 ന് നൊവേന, ആഘോഷമായ ദിവ്യബലി, തുടര്‍ന്ന് പള്ളി ചുറ്റി പ്രദക്ഷിണം, രൂപം എഴുന്നള്ളിച്ച് വയ്ക്കല്‍, നേര്‍ച്ച വെഞ്ചിരിപ്പ് എന്നിവ നടക്കും. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് മുഖ്യ കാര്‍മികത്വം വഹിക്കും. ഉച്ചക്ക് രണ്ട് മണിമുതല്‍ കേരളത്തിലെ പ്രമുഖ ബാന്റ് ടീമുകളായ മുവാറ്റുപ്പുഴ ഏയ്ഞ്ചല്‍ ബോയ്സും ഏയ്ഞ്ചല്‍ ബോയ്‌സ് ആമ്പല്ലൂരും മാറ്റുരക്കുന്ന ബാന്റ് മേളം പള്ളിയങ്കണത്തില്‍ നടക്കും. വലിയങ്ങാടി, കുരിശങ്ങാടി, കോമ്പാറ, കാട്ടുങ്ങച്ചിറ എന്നീ വിഭാഗങ്ങളുടെ അമ്പെഴുന്നള്ളിപ്പുകള്‍ രാത്രി 12 നു പള്ളിയിലെത്തും. തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 10.30ന് നടക്കുന്ന തിരുന്നാള്‍ ദിവ്യബലിക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ഉച്ചതിരിഞ്ഞ് രണ്ടിനു നടക്കുന്ന ദിവ്യബലിക്കു ശേഷം മൂന്നു മണിക്ക് പ്രദക്ഷിണം ആരഭിക്കും.