ഹരിത കർമ്മ സേനാംഗത്തിന് നേരെ നടന്ന കയ്യേറ്റ ശ്രമത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദം; വിഷയത്തിൽ ഇടപെട്ട ജനപ്രതിനിധികൾ അറിയാതെ ഒത്ത് തീർപ്പിന് വഴങ്ങിയതിൽ വിമർശനം ; വിഷയത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് ഭരണ നേത്യത്വം …
ഇരിങ്ങാലക്കുട : ഹരിത കർമ്മ സേനാംഗത്തിനെതിരെ കയ്യേറ്റം നടന്ന വിഷയത്തെ ചൊല്ലി നഗരസഭാ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദം. നിശ്ചിത അജണ്ടകൾക്ക് ശേഷം എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയയാണ് സംഭവം ഉന്നയിച്ചത്. തന്റെ വാർഡിലാണ് സംഭവം നടന്നതെന്നും പരാതിക്കാരിയുടെ കൂടെ പോയ താനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പുറത്ത് നില്ക്കേ പോലീസ് ഉദ്യോഗസ്ഥരുടെ വാക്ക് കേട്ട് പരാതിക്കാരി ഒത്ത് തീർപ്പിന് വഴങ്ങുകയായിരുന്നുവെന്ന് യുഡിഎഫ് കൗൺസിലർ അജിത്കുമാർ പറഞ്ഞു. ചില ജനപ്രതിനിധികൾ തന്നെ ദല്ലാൻമാരുടെ ആയി പ്രതിക്ക് വേണ്ടി ഇടപ്പെട്ടതായി ചർച്ചയിൽ പങ്കെടുത്ത എൽഡിഎഫ് കൗൺസിലർ സി സി ഷിബിൻ ആരോപിച്ചു. ഇടപെട്ട ജനപ്രതിനിധിയുടെ പേര് വെളിപ്പെടുത്താൻ ഷിബിൻ തയ്യാറാകണമെന്ന് അജിത്കുമാറും ബൈജു കുറ്റിക്കാടനും ആവശ്യപ്പെട്ടു. വിഷയത്തിൽ ഒരു ഒത്തുതീർപ്പിനും വഴങ്ങരുതെന്ന് കൗൺസിലർമാരായ അംബിക പള്ളിപ്പുറത്ത്, ജിഷ ജോബി, ബിജു പോൾ അക്കരക്കാരൻ എന്നിവരും ആവശ്യപ്പെട്ടു. ഹരിത കർമ്മ സേനാംഗങ്ങളെ മികച്ച രീതിയിൽ സംരക്ഷിക്കുന്ന നഗരസഭയാണ് ഇരിങ്ങാലക്കുടയെന്ന് വൈസ് – ചെയർമാൻ ടി വി ചാർലി പറഞ്ഞു. വിഷയത്തിൽ നഗരസഭ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കണമെന്ന് ഷിബിൻ ആവശ്യപ്പെട്ടു. എറ്റവും ഗൗരവത്തോടെയാണ് വിഷയം കാണുന്നതെന്നും നഗരസഭ നേരിട്ട് പരാതി നൽകുമെന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.
വാർഡ് 14 ൽ ജവഹർ കോളനിയിലെ 24 വീട്ടുകാർക്ക് സാങ്കേതിക ഉപദേശങ്ങൾ തേടിയതിന് ശേഷം ആധാരം അല്ലെങ്കിൽ പട്ടയം നൽകാനും യോഗം തീരുമാനിച്ചു. വാർഡ് കൗൺസിലർ ഷെല്ലി വിൽസൻ നൽകിയ അപേക്ഷയിലാണ് തീരുമാനം.
ആധുനിക അറവുശാലയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ഡിപിആർ ലഭിച്ചിട്ടുണ്ടെന്നും ഇത് പ്രത്യേകമായി ചർച്ച ചെയ്യുമെന്നും ചെയർപേഴ്സൺ അറിയിച്ചു.
ക്ലീൻ ടോയ്ലറ്റ് പ്രചരണത്തിന്റെ ഭാഗമായി പൊതുടോയ്ലറ്റുകൾ ശുചീകരിക്കാനും അറ്റകുറ്റപ്പണികൾ നടത്താനും പൊതുടോയ്ലെറ്റുകളിൽ സാനിട്ടറി വെൻഡിംഗ് മെഷീൻ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെയും കംഫർട്ട് സ്റ്റേഷനിലെയും ടോയ്ലറ്റുകൾ ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണെന്ന് ബിജെപി അംഗം സന്തോഷ് ബോബൻ പറഞ്ഞു.
യോഗത്തിൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു.