ഠാണ – ചന്തക്കുന്ന് വികസനം ; സ്ഥലമേറ്റെടുക്കാൻ 41.86 കോടി രൂപ
ട്രഷറിയിലെത്തിയതായി മന്ത്രി ഡോ. ബിന്ദു …
ഇരിങ്ങാലക്കുട : ഠാണ – ചന്തക്കുന്ന് ജംഗ്ഷന് വികസനത്തിന് സ്ഥലമേറ്റെടുക്കാൻ 41,86,13,821 രൂപ ട്രഷറിയിലെത്തിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു .ആകെ 45.03 കോടി രൂപയാണ് സംസ്ഥാന സർക്കാർ പദ്ധതിയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. ഇതിൽ ഭൂമിയേറ്റെടുക്കലിനുള്ള തുകയാണിപ്പോൾ ട്രഷറിയിൽ എത്തിയിരിക്കുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
മുകുന്ദപുരം താലൂക്കിലെ ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളില്‍ പെട്ട 0.7190 ഹെക്ടര്‍ ഭൂമിയാണ് ഠാണ – ചന്തക്കുന്ന് ജംഗ്ഷന് വികസനത്തിനായി ഏറ്റെടുക്കുന്നത്. ട്രഷറിയിൽനിന്നും തുക റവന്യൂ വകുപ്പിന് കൈമാറുകയും രേഖകളടക്കമുള്ള പരിശോധന പൂർത്തിയാക്കി റവന്യൂ വകുപ്പ് ഗുണഭോക്താക്കൾക്ക് തുക കൈമാറുകയും ചെയ്യും. തുടർന്ന് പൊതുമരാമത്ത് വകുപ്പ് സ്ഥലം ഏറ്റെടുത്ത് നിർമ്മാണപ്രവൃത്തികൾ ആരംഭിക്കും.
സംസ്ഥാനപാതയില്‍ കൊടുങ്ങല്ലൂര്‍ – ഷൊര്‍ണൂര്‍ റോഡില്‍ ചന്തക്കുന്ന് മുതല്‍ പൂതംകുളം വരെയുള്ള ഭാഗമാണ് വീതി കൂട്ടുന്നത്. സർക്കാരിന്റെ ഏറ്റവും മികച്ച പിന്തുണയും ധനസഹായവും ലഭ്യമായതോടെ ജംഗ്ഷന് വികസനം അതിവേഗം യാഥാർഥ്യത്തിലേക്ക് അടുക്കുകയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.