പിണറായി സർക്കാരിന്റെ അഴിമതിക്കും ദുർഭരണത്തിനുമെതിരെ വിചാരണ സദസ്സുമായി യുഡിഎഫ്; കോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി ബിന്ദു രാജി വയ്ക്കണമെന്ന് സിഎംപി സംസ്ഥാന സെക്രട്ടറി സി പി ജോൺ…
ഇരിങ്ങാലക്കുട : കണ്ണൂർ സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി ബിന്ദുവിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാക്കണമെന്ന് സിഎംപി സംസ്ഥാന സെക്രട്ടറി സി പി ജോൺ . വനിതകൾക്കും വിദ്യാഭ്യാസത്തിനും സർക്കാരിനും തന്നെ മന്ത്രി ബിന്ദു അപമാനമായി മാറിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. പിണറായി സർക്കാരിന്റെ അഴിമതിക്കും ദുർഭരണത്തിനുമെതിരെ യുഡിഎഫ് 140 നിയോജകമണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന വിചാരണ സദസ്സിന്റെ തൃശ്ശൂർ ജില്ലാ തല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പ്രശസ്തമായ കോളേജുകളിൽ തന്നെ സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്ന സാഹചര്യത്തിൽ ബസ്സിൽ കറങ്ങി നടക്കുന്നതിന് പകരം കോളേജുകളിൽ ചെല്ലുകയാണ് മന്ത്രി ബിന്ദു ചെയ്യേണ്ടത്. മന്ത്രി ബിന്ദുവിനെ പുറത്താക്കിയില്ലെങ്കിൽ പിണറായി വിജയനെ പുറത്താക്കാനുള്ള സമരം യുഡിഎഫ് ആരംഭിക്കും.
ത്യക്കാക്കര ഉപതിരഞ്ഞെടുപ്പിലും കെ റെയിൽ വിഷയത്തിലും നേരിട്ട തിരിച്ചടികളും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കേരള ജനത നല്കിയ യാത്രയയപ്പിലും വിറളി പൂണ്ടാണ് ഇപ്പോൾ നവകേരള സദസ്സ് ആരംഭിച്ചിരിക്കുന്നത്. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് സിപിഎമ്മുകാർ തന്നെ പറഞ്ഞ് തുടങ്ങി. പിണറായി വിജയന്റെ കയ്യൊപ്പുള്ള ഒരു വികസന പദ്ധതിയും ഇത് വരെ നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. കലാലയ തിരഞ്ഞെടുപ്പുകളിൽ കെ എസ് യു വിന്റെ തിരിച്ച് വരവ് മാറ്റത്തിന്റെ സൂചനയാണ്.
കരുവന്നൂർ ബാങ്കിൽ നടന്ന കൊള്ളയുടെ വിവരങ്ങൾ പുറത്ത് വന്നതോടെ സഹകരണ പ്രസ്ഥാനത്തെ ജനം അവിശ്വസിക്കുന്ന സാഹചര്യമാണ് സിപിഎം സൃഷ്ടിച്ചത്. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയെ തന്നെയാണ് ഇഡി ഇപ്പോൾ ചോദ്യം ചെയ്യുന്നത്. കമ്മീഷൻ കുത്തകകളുടെ കയ്യിലെ കളിപ്പാവയായി സിപിഎം ജില്ലാ കമ്മിറ്റി മാറിക്കഴിഞ്ഞതായും യുഡിഎഫ് നേതാവ് കുറ്റപ്പെടുത്തി.
ടൗൺ ഹാളിൽ നടന്ന യോഗത്തിൽ യുഡിഎഫ് ജില്ലാ ചെയർമാൻ എം പി വിൻസെന്റ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ സർക്കാറിനെതിരെയുള്ള കുറ്റപത്രം വായിച്ചു. ഡിസിസി പ്രസിഡൻറ് ജോസ് വള്ളൂർ , യുഡിഎഫ് ജില്ലാ നേതാക്കളായ കെ ആർ ഗിരിജൻ, പി ആർ എൻ നമ്പീശൻ ,സി വി കുരിയാക്കോസ്, കെ സി കാർത്തികേയൻ, പി എം എലിയാസ് ,ലോനപ്പൻ ചക്കച്ചാംപറമ്പിൽ , നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ എം പി ജാക്സൻ സ്വാഗതം പറഞ്ഞു.