ഭാവിയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പുതിയ തലമുറ ; സോളാറിൽ പ്രവർത്തിക്കുന്ന ടില്ലറും വീൽബാരോയും സുരക്ഷിത വൈദ്യുതി സംവിധാനങ്ങളും അക്രമണങ്ങൾ നേരിടാൻ ഉപകരിക്കുന്ന ഷോക്ക് ചെപ്പലുകളുമടക്കം വൈവിധ്യമാർന്ന കാഴ്ചകളുമായി വൊക്കേഷണൽ എക്സ്പോ …
ഇരിങ്ങാലക്കുട : ഭാവിയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പുതിയ തലമുറ. 13 – മത് തൃശ്ശൂർ ജില്ല സ്കൂൾ ശാസ്ത്രോൽസവത്തിന്റെയും വൊക്കേഷണൽ എക്സ്പോയുടെയും ഭാഗമായി നടന്ന പ്രദർശനങ്ങളാണ് പുതിയ തലമുറയുടെ സാങ്കേതിക വൈദഗ്ധ്യത്തിന്റെ കൂടി നേർസാക്ഷ്യങ്ങളായി മാറിയത്. സോളാറിൽ പ്രവർത്തിക്കുന്ന ജലസേചന സംവിധാനങ്ങളും ഓട്ടോമാറ്റിക് ഡോർ സംവിധാനവും എൽപിജി ഗ്യാസ് അലാറവും സുരക്ഷിതമായ കെഎസ്ഇബി സംവിധാനങ്ങളും സോളാറിൽ പ്രവർത്തിക്കുന്ന ടില്ലറും ഇലക്ട്രിക് വീൽബാരോയുമെല്ലാം ബോയ്സ് സ്കൂളിൽ നടന്ന വൊക്കേഷണൽ എക്സ്പോ പ്രദർശനത്തിന് എത്തിയവരുടെ ശ്രദ്ധ നേടി.
ഒറ്റനോട്ടത്തിൽ സാധാരണ രണ്ട് ലേഡീസ് ചെരിപ്പുകൾ. പക്ഷേ ഇവ അക്രമണം നേരിടുന്ന സ്ത്രീകൾക്ക് ആയുധങ്ങൾ കൂടിയാണ്. പെരിഞ്ഞനം ആർഎംവിഎച്ച്എസ് സ്കൂളിലെ സൂര്യദേവും സിനാനും ചേർന്നാണ് സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന സംവിധാനവുമായി മേളയ്ക്ക് എത്തിയത്. കൊതുക് ബാറ്റിന് സമാനമായ ടെക്നോളജിയിൽ , ചാർജ്ജ് ചെയ്യാവുന്ന ബാറ്ററികളോട് കൂടിയാണ് ഇവ പ്രവർത്തിക്കുന്നത്. ഉപദ്രവിക്കാൻ വരുന്നവനെ ചെരിപ്പ് ഊരി അടിച്ചാൽ ഷോക്ക് എല്ക്കുമെന്ന് സൂര്യ പറഞ്ഞു. അഞ്ഞൂറ് രൂപ മാത്രമാണ് ഷോക്ക് ചെപ്പലുകൾ നിർമ്മിക്കാൻ ചിലവായത്.
വർധിച്ച് വരുന്ന ഡീസൽ ചിലവുകളുടെ പശ്ചാത്തലത്തിലാണ് കൊടുങ്ങല്ലൂർ ജിവിഎച്ച്എസ്എസ് ടിഎച്ച്എസ് ലെ അഖിൽ കൃഷ്ണയും സാഗറും ചേർന്ന് സോളാർ ബാറ്ററിൽ പ്രവർത്തിക്കുന്ന പവർ ടില്ലറിന് രൂപം നൽകിയത്. മോട്ടോറും ബാറ്ററിയും സോളാർ പാനലും സ്വീച്ചുമാണ് നിർമ്മാണത്തിന് വേണ്ടി വന്നത്. ചാർജ്ജ് ചെയ്തും വെയിലിൽ നിന്ന് സോളാറിൽ സംഭരിക്കുന്ന ഊർജ്ജത്തിന്റെ സഹായത്തോടെയും പ്രവർത്തിക്കാമെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.
പെരിഞ്ഞനം ആർഎംവിഎച്ച്എസ് ലെ തന്നെ വിഎച്ച്എസ്ഇ വിദ്യാർഥികളായ മർവാൻ അസീസും മുസ്തക്കറും ചേർന്ന് നിർമ്മിച്ചെടുത്ത ഇലക്ട്രിക് വീൽബാരോയും എക്സ്പോയിൽ ശ്രദ്ധ നേടി. 200 കിലോഗ്രാം വരെ ഭാരം വഹിക്കാവുന്നതും മണിക്കൂറിൽ 35 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാവുന്നതുമായ ചെറിയ വണ്ടി തന്നെയാണിത്. ഒരൊറ്റ ചാർജ്ജിൽ 65 കിലോമീറ്റർ വരെ സുഗമമായി പിന്നിടുകയും ചെയ്യാം. ബാറ്ററികളിൽ പ്രവർത്തിക്കുന്ന വീൽ ബാരോയ്ക്ക് അര ലക്ഷം രൂപയാണ് നിർമ്മാണ ചിലവ്.
സുരക്ഷിതമായ കെഎസ്ഇബി സംവിധാനങ്ങളുടെ ആവശ്യകത ചൂണ്ടിക്കാട്ടിയുള്ള ” ചക്രവ്യൂഹം ” മാണ് ശ്രദ്ധ നേടിയ മറ്റൊരു ഇനം. വിതരണ ശ്യംഖലയിലെ സുരക്ഷ, ഊർജ്ജ സംരക്ഷണം, ഊർജ്ജനിർമ്മാണം എന്നീ മൂന്ന് ലക്ഷ്യങ്ങളും ഉറപ്പാക്കുന്ന സംവിധാനമാണിത്. ട്രാൻസ്ഫോർമറുകൾക്കും വീടുകളിലെ മീറ്ററിനുമിടയിലുമാണ് സംവിധാനങ്ങളുടെ സ്ഥാനം.ചാവക്കാട് കടപ്പുറം ജിവിഎച്ച്എസ്എസ് ലെ സജിദ് അലി സി കെ , ടസ്ലീമ ടി ബി എന്നിവരാണ് ചക്രവ്യൂഹത്തിന്റെ പിന്നിൽ. റിവേഴ്സ് വൈദ്യുതി തടയുന്നതിനുള്ള മീറ്റർ കൂടി ഉൾപ്പെടുത്തിയാൽ ” ചക്രവ്യൂഹം ” കൂടുതൽ സുരക്ഷിതമാകുമെന്നും ഇവർ പറഞ്ഞു.
കരിക്കുലം , മാർക്കറ്റബിൾ , പ്രോഫിറ്റബിൾ , ഇന്നോവേറ്റീവ് എന്നീ നാല് വിഭാഗങ്ങളിൽ ആയിട്ടാണ് ബോയ്സിൽ നടന്ന വൊക്കേഷണൽ എക്സ്പോയിലെ മൽസരങ്ങൾ നടന്നത്. 52 സ്റ്റാളുകളുമായി 150 കുട്ടികളാണ് എക്സ്പോ സജീവമാക്കാൻ എത്തിയത്.