മലയാള സാഹിത്യത്തിലെ കഥാപാത്രസൃഷ്ടിക്ക് വ്യത്യസ്തമായ ഭൂമിക സൃഷ്ടിച്ച കൃതിയാണ് നളചരിതമെന്ന് ഡോ എം വി നാരായണൻ; ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ നേത്യത്വത്തിൽ സംഘടിപ്പിച്ച ചരിത്ര സെമിനാറിന് സമാപനം .

മലയാള സാഹിത്യത്തിലെ കഥാപാത്രസൃഷ്ടിക്ക് വ്യത്യസ്തമായ ഭൂമിക സൃഷ്ടിച്ച കൃതിയാണ് നളചരിതമെന്ന് ഡോ എം വി നാരായണൻ; ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ നേത്യത്വത്തിൽ സംഘടിപ്പിച്ച ചരിത്ര സെമിനാറിന് സമാപനം …

 

ഇരിങ്ങാലക്കുട : മലയാള സാഹിത്യത്തിലെ കഥാപാത്രസൃഷ്ടിക്ക് വ്യത്യസ്തമായ ഭൂമിക സൃഷ്ടിച്ച ആദ്യത്തെ കൃതിയാണ് ഉണ്ണായി വാര്യരുടെ നളചരിതമെന്ന് ഡോ എം വി നാരായണൻ. കൊളോണിയൽ ആധുനികതയ്ക്ക് മുമ്പ് തന്നെ തദ്ദേശീയമായ ആധുനിക ദർശനത്തിന്റെ സാധ്യതകൾ തേടിയവരാണ് ശ്രീനാരായണഗുരുവും അയ്യങ്കാളിയും ഇവർക്ക് മുമ്പേ ദൈവകേന്ദ്രീകൃതമായ കഥകളിൽ നിന്നും വ്യത്യസ്തമായി മനുഷ്യ കേന്ദ്രീകൃതമായ കഥ പറഞ്ഞ ഉണ്ണായി വാര്യർ എന്നും അദ്ദേഹം പറഞ്ഞു. ശ്രീകൂടൽമാണിക്യ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചരിത്ര സെമിനാറിൽ ” കഥകളിയും ഉണ്ണായിവാരിയരും ഇരിങ്ങാലക്കുടയുടെ സാംസ്കാരിക പാരമ്പര്യവും ” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനികതയുടെ ആദ്യത്തെ പാഠമായിട്ടാണ് നളചരിതത്തെ ഡോ ടി കെ രാമചന്ദ്രൻ വിശേഷിപ്പിച്ചിട്ടുള്ളത്. ടൈപ്പ് കഥാപാത്രങ്ങളെ ഉപേക്ഷിച്ച് എന്താണ് മനുഷ്യനെന്നും എന്താണ് ജീവിതമെന്നും എന്താണ് സത്യമെന്നുമുള്ള ചോദ്യങ്ങളാണ് ഉണ്ണായിവാര്യരുടെ കഥാപാത്രങ്ങൾ ഉന്നയിക്കുന്നത്. എട്ടാം നൂറ്റാണ്ട് വരെ ജൈനകേന്ദ്രമായി നിന്നിരുന്ന ക്ഷേത്രം പിന്നീട് വൈദിക സന്നിവേശത്തെ തുടർന്ന് ബ്രാഹ്മണ സങ്കേതമായി മാറുകയായിരുന്നുവെന്നും ഗണിത ശാസ്ത്രജ്ഞനായ മാധവന്റെ ജന്മദേശം കൂടല്ലൂർ ആയിട്ടാണ് ചരിത്രകാരനായ പി പി ദിവാകരൻ സൂചിപ്പിച്ചിട്ടുള്ളതെന്നും നേരത്തെ കൂടൽമാണിക്യ ക്ഷേത്രത്തിന്റെ ചരിത്രത്തെ സൂചിപ്പിച്ച് കൊണ്ട് ഡോ എം വി നാരായണൻ പറഞ്ഞു. അശോകൻ ചരുവിൽ മോഡറേറ്ററായിരുന്നു. പനമ്പിള്ളി ഗവ കോളേജ് മലയാള വിഭാഗം മേധാവി ഡോ. ജയകുമാർ സെൻറ് ജോസഫ്സ് കോളേജ് മലയാള വിഭാഗം മേധാവി ഡോ. കെ.എ. ജെൻസി, ക്രൈസ്റ്റ് കോളേജ് മലയാള വിഭാഗം അധ്യാപിക സിന്റോ കോങ്കോത്ത് തുടങ്ങിയവർ അനുബന്ധ ചർച്ചകളിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു. തുടർന്ന് “കൂടിയാട്ടവും ഇരിങ്ങാലക്കുടയും അമ്മന്നൂർ മാധവചാക്യാരും “എന്ന പ്രബന്ധം വേണുജി അവതരിപ്പിച്ചു. പ്രൊഫ സാവിത്രി ലക്ഷ്മണൻ മേഡറേറ്ററായിരിരുന്നു. ഡോ. രജനീഷ് ചാക്യാർ, ഡോ.ഭദ്രരജനീഷ്, സെന്റ് ജോസഫ്സ് കോളേജ് അധ്യാപിക ലിറ്റി ചാക്കോ തുടങ്ങിയവർ അനുബന്ധ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു.

തുടർന്ന് കോളേജ് വിദ്യാർത്ഥികൾക്കായി നടന്ന ചരിത്ര ക്വിസ് മത്സരത്തിൽ

കോഴിക്കോട് ഗവ. ആട്സ് ആന്റ് സയൻസ് കോളേജ് വിദ്യാർത്ഥികളായ ഹിലാൽ അഹമ്മദ് സി.സി. & ഫൈസൽ റഹ്മാൻ പി. എന്നിവർ ഒന്നാം സമ്മാനമായ 11111 രൂപയും രണ്ടാം സമ്മാനം 5555 രൂപ പനമ്പിള്ളി ഗവ. മെമ്മോറിയൽ കോളേജ് വിദ്യാർത്ഥികളായ അനന്തകൃഷ്ണൻ വി.& മീരാഭായ് ഇ എം എന്നിവരുടെ ടീമിനും മൂന്നാം സമ്മാനമായ 3333 രൂപ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് വിദ്യാർത്ഥികളായ അയന നന്ദകുമാർ & സാന്ദ്ര ചന്ദ്രൻ എന്നിവരുടെ ടീമിനും ലഭിച്ചു.സമാപനസമ്മേളനം ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സുജ സജീവ്കുമാർ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. സമ്മാന ദാനം സെന്റ് ജോസഫ്സ് കോളേജ് പ്രാൻസിപ്പൽ സി.ഡോ. ബെൻസി നിർവഹിച്ചു. ഡോ. ഹരിനാരായണൻ , ആർക്കൈവ്സ് ഡയറക്ടർ ഡോ. കെ രാജേന്ദ്രൻ , പ്രൊഫ.വി.കെ. ലക്ഷണൻ നായർ,പ്രൊഫ. സാവിത്രി ലക്ഷമണൻ , പി.കെ. ഭരതൻ മാസ്റ്റർ, കണ്ടേങ്കാട്ടിൽ ഭരതൻ, അഡ്വ. അജയ്കുമാർ , പ്രേമരാജ് .കെ. എ., കെ.ജി.സുരേഷ്. എന്നിവർ സംസാരിച്ചു.

Please follow and like us: