തൃശ്ശൂർ റവന്യൂ ജില്ല ശാസ്ത്രോൽസവും വൊക്കേഷണൽ എക്സ്പോയും നവംബർ 7, 8 തീയതികളിൽ ഇരിങ്ങാലക്കുടയിൽ ; 154 ഇനങ്ങളിൽ നടക്കുന്ന മൽസരങ്ങളിൽ പങ്കെടുക്കുന്നത് 3187 വിദ്യാർഥികൾ …

തൃശ്ശൂർ റവന്യൂ ജില്ല ശാസ്ത്രോൽസവും വൊക്കേഷണൽ എക്സ്പോയും നവംബർ 7, 8 തീയതികളിൽ ഇരിങ്ങാലക്കുടയിൽ ; 154 ഇനങ്ങളിൽ നടക്കുന്ന മൽസരങ്ങളിൽ പങ്കെടുക്കുന്നത് 3187 വിദ്യാർഥികൾ …

 

ഇരിങ്ങാലക്കുട : നവംബർ 7, 8 തീയതികളിലായി ഇരിങ്ങാലക്കുടയിൽ നടക്കുന്ന തൃശ്ശൂർ റവന്യു ജില്ല ശാസ്ത്രോത്സവം ആന്റ് വൊക്കേഷണൽ എക്സ്പോവിനുളള ഒരുക്കങ്ങൾ പൂർത്തിയായി. നവംബർ 7 ന് രാവിലെ 9.30 ന് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ജില്ല ശാസ്ത്രോൽസവം ഉദ്ഘാടനം ചെയും . പട്ടണത്തിലെ അഞ്ച് സ്കൂളുകളിലായി വേദികളിലായി 154 ഇനങ്ങളിൽ നടക്കുന്ന മൽസരങ്ങളിൽ 3187 വിദ്യാർഥികൾ പങ്കെടുക്കുമെന്ന് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ , ജനറൽ കൺവീനറും ഡിഡിയുമായ ഷാജിമോൻ ഡി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഗവ, എയ്ഡഡ്, അൺഎയ്ഡഡ് വിഭാഗങ്ങളിലെ 1028 സ്കൂളുകളാണ് മൽസരങ്ങളിൽ പങ്കാളികൾ ആകുന്നത്. സയൻസ് , ഐടി ലിറ്റിൽ ഫ്ളവർ സ്കൂളിലും സാമൂഹ്യ ശാസ്ത്രമേള നാഷണൽ സ്കൂളിലും പ്രവൃത്തി പരിചയ മേള സെന്റ് മേരീസിലും ഗണിത ശാസ്ത്ര മേള ഡോൺ ബോസ്കോയിലും വൊക്കേഷണൽ എക്സ്പോ ബോയ്സ് സ്കൂളിലുമാണ് നടക്കുന്നത്. തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികൾ പാഠ്യപദ്ധതികളുടെ ഭാഗമായി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനവും വില്പനയും വിവിധ സ്റ്റാളുകളിൽ ഉണ്ടായിരിക്കും. അധ്യാപകരും രക്ഷിതാക്കളുമടക്കം അയ്യായിരത്തോളം പേരാണ് രണ്ട് ദിവസങ്ങളിലായി പട്ടണത്തിൽ എത്തിച്ചേരുകയെന്നും എഴ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇവർക്കായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞതായും സംഘാടകർ അറിയിച്ചു. 8 ന് വൈകീട്ട് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. വിഎച്ച്എസ്ഇ അസി. ഡയറക്ടർ നവീന പി , ലിറ്റിൽ ഫ്ളവർ സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ നവീന , പബ്ലിസിറ്റി കൺവീനർ പി വി ജോൺസൻ , ജോയിന്റ് കൺവീനർ സൈമൺ ജോസ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: