ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആന്റ് ആർക്കൈവ്സിന്റെ മൂന്നാം വാർഷികവും ചരിത്രസെമിനാറും ചരിത്ര ക്വിസും നവംബർ 3, 4 തീയതികളിൽ …
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടൽമാണിക്യം മ്യൂസിയം ആന്റ് ആർക്കൈവ്സിന്റെ മൂന്നാം വാർഷികവും ചരിത്ര സെമിനാറും ചരിത്ര ക്വിസ്സും നവംബർ 3, 4 തീയതികളിൽ നടക്കും. 3 ന് രാവിലെ 10 ന് കുട്ടംകുളത്തിന് എതിർവശത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു വാർഷികവും നിയമ-വ്യവസായ മന്ത്രി അഡ്വ പി രാജീവ് ചരിത്ര സെമിനാറും ഉദ്ഘാടനം ചെയ്യുമെന്ന് ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ , അഡ്മിനിസ്ട്രേറ്റർ ഉഷാ നന്ദിനി, ഡയറക്ടർ ഡോ കെ രാജേന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. കെസിഎച്ച് ആർ ഡയറക്ടർ ഡോ കെ എൻ ഗണേശ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് രണ്ട് ദിവസങ്ങളിലായി
” കൂടൽമാണിക്യം ക്ഷേത്രവും കൊടുങ്ങല്ലൂർ കളരിയും കുഞ്ഞിക്കുട്ടൻ തമ്പുരാനും “, ക്ഷേത്രവും കൈമളും ഭരണകൂടവും “, കഥകളിയും ഉണ്ണായിവാരിയരും ഇരിങ്ങാലക്കുടയുടെ സാംസ്ക്കാരിക പാരമ്പര്യവും “, ” “കൂടിയാട്ടവും ഇരിങ്ങാലക്കുടയും അമ്മന്നൂർ മാധവ ചാക്യാരും ” എന്നീ വിഷയങ്ങളിൽ സെമിനാർ നടക്കും. ഡോ എസ് കെ വസന്തൻ , പ്രൊഫ. ടി ആർ വേണുഗോപാൽ, ഡോ എം വി നാരായണൻ എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. വിവിധ സർവകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നുമായി 250 ഓളം ഗവേഷണ, ബിരുദാനന്തരബിരുദ വിദ്യാർഥികൾ പങ്കെടുക്കും. നവംബർ 4 ന് 3 മണിക്ക് ചേരുന്ന സമാപന സമ്മേളനം ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്യും. ദേവസ്വം ഭരണ സമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, അഡ്വ കെ ജി അജയ് കുമാർ, മ്യൂസിയം ആന്റ് ആർക്കൈവ്സ് ഉപദേശകസമിതി അംഗങ്ങളായ അശോകൻ ചരുവിൽ, പ്രൊഫ സാവിത്രി ലക്ഷ്മണൻ , ഡോ ടി കെ നാരായണൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.