സ്വകാര്യബസ് പണിമുടക്ക് മേഖലയിൽ പൂർണ്ണം; കൂടുതൽ സർവീസുകളുമായി കെഎസ്ആർടിസി …
ഇരിങ്ങാലക്കുട : യാത്രാനിരക്കും വിദ്യാർത്ഥികളുടെ കൺസെഷനും വർധിപ്പിക്കുക, ദൂരപരിധി നോക്കാതെ എല്ലാ പെർമിറ്റുകളും പുതുക്കി നൽകുക, ലിമിറ്റഡ് സ്റ്റോപ് ബസുകൾ ഓർഡിനറി ആക്കി മാറ്റിയ നടപടി തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസുകൾ സംസ്ഥാനത്ത് നടത്തുന്ന പണിമുടക്ക് സമരം മേഖലയിൽ പൂർണ്ണം. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രി 12 മണി മുതൽ ചൊവ്വാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ഇരിങ്ങാലക്കുട കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്ററിൽ നിന്നും കൂടുതൽ സർവീസുകൾ തൃശ്ശൂർ, കൊടുങ്ങല്ലൂർ , ചാലക്കുടി എന്നിവടങ്ങളിലേക്ക് നടത്തുന്നുണ്ട്. നിലവിലുള്ള ഷെഡ്യൂളുകൾ പുനക്രമീകരിച്ചാണ് സർവീസുകൾ നടത്തുന്നതെന്നും രാവിലെ തന്നെ ആരംഭിച്ചതായും കെ എസ്ആർടിസി അധികൃതർ അറിയിച്ചു.