കലാസ്വാദകരുടെ നിറഞ്ഞ പങ്കാളിത്തത്തോടെ ശ്രീകൂടൽമാണിക്യം ദേവസ്വം സംഘടിപ്പിക്കുന്ന നവരാത്രി നൃത്ത-സംഗീതോൽസവത്തിന് തുടക്കമായി ; ഭാരതീയകലകളുടെ അവതരണത്തിന് അനുയോജ്യമായ രംഗമ ണ്ഡപം ക്ഷേത്രത്തിൽ ഉണ്ടാകേണ്ടതുണ്ടെന്ന് കൂടിയാട്ട കുലപതി വേണുജി…
ഇരിങ്ങാലക്കുട : കലാസ്വാദകരുടെ നിറഞ്ഞ പങ്കാളിത്തത്തോടെ ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നവരാത്രി നൃത്ത-സംഗീതോൽസവത്തിന് തുടക്കമായി. കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പത്ത് നാൾ നീണ്ട് നിൽക്കുന്ന നൃത്ത-സംഗീതോൽസവം കൂടിയാട്ട കുലപതി വേണുജി ഉദ്ഘാടനം ചെയ്തു. ഭാരതീയകലകളുടെ അവതരണത്തിനായി അനുയോജ്യമായ സ്ഥിരം രംഗമണ്ഡപം ക്ഷേത്രത്തിൽ ഉണ്ടാകേണ്ടതുണ്ടെന്ന് വേണുജി ചൂണ്ടിക്കാട്ടി. വിഖ്യാത നർത്തകി പത്മസുബ്രമണ്യം ക്ഷേത്രത്തിൽ സൗജന്യമായി തന്നെ പരിപാടി അവതരിപ്പിക്കാനുള്ള താത്പര്യം ഒരിക്കൽ തന്നോട് പ്രകടിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ദേവസ്വം ചെയർമാൻ പ്രദീപ്മേനോൻ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, കെ എ പ്രേമരാജൻ , എ വി ഷൈൻ, കെ ജി സുരേഷ് എന്നിവർ ആശംസകൾ നേർന്നു. ഭരണ സമിതി അംഗം അഡ്വ കെ ജി അജയകുമാർ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ കെ ഉഷാനന്ദിനി നന്ദിയും പറഞ്ഞു. 80 ൽ പരം ഇനങ്ങളിലായി 800 ഓളം കലാകാരൻമാരാണ് എന്നും വൈകീട്ട് 5.30 മുതൽ 9.30 വരെ നീണ്ടു നിൽക്കുന്ന ന്യത്ത- സംഗീതോൽസവത്തിൽ പങ്കെടുക്കുന്നത്.