കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസ് ജീവനക്കാർക്ക് മർദ്ദനം ; മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ …
ഇരിങ്ങാലക്കുട : കാറിന് കടന്ന് പോകാൻ സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസ് ജീവനക്കാർക്ക് മർദ്ദനം . തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന ബ്രയന്റ് ബസിലെ ഡ്രൈവർ നടവരമ്പ് സ്വദേശി മാക്സെൽ (43), ഉടമയും കണ്ടക്ടറുമായ കുട്ടനെല്ലൂർ സ്വദേശി സെബി വർഗ്ഗീസ് (59) എന്നിവർക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് ആറ് മണിയോടെ ക്രൈസ്റ്റ് കോളേജ് റോഡിൽ വച്ചായിരുന്നു സംഭവം. ബസ് തൃശ്ശൂരിൽ നിന്നും ഇരിങ്ങാലക്കുടയിലേക്ക് വരികയായിരുന്നു. ബൈപ്പാസ് ജംഗ്ഷനിൽ വച്ച് ഇരുകൂട്ടരും തമ്മിൽ ഇതേ ചൊല്ലി തർക്കമുണ്ടായി. തുടർന്ന് കൊടുങ്ങല്ലൂരിലേക്ക് സർവീസ് നടത്തി , തൃശ്ശൂരിലേക്ക് പോകാൻ എത്തിയ ബസ് ജീവനക്കാരെ സ്റ്റാന്റിൽ എത്തിയ പത്തോളം പേർ ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്ന് ജീവനക്കാരുടെ ബന്ധു പറഞ്ഞു. മർദ്ദനമേറ്റ ജീവനക്കാർ താലൂക്ക് ആശുപത്രിയിൽ താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. ഉടമയുടെ പരാതിയിൽ പോലീസ് കേസ്സെടുത്തിട്ടുണ്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.