ആർദ്രം ആരോഗ്യം; ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി; നിര്‍ദേശങ്ങളുമായി ജനപ്രതിനിധികളും രോഗികളും ; ആശുപത്രികളെ രോഗി സൗഹ്യദവും ജനസൗഹ്യദവുമാക്കേണ്ടതുണ്ടെന്ന് മന്ത്രി …

ആർദ്രം ആരോഗ്യം; ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി; നിര്‍ദേശങ്ങളുമായി ജനപ്രതിനിധികളും രോഗികളും ; ആശുപത്രികളെ രോഗി സൗഹ്യദവും ജനസൗഹ്യദവുമാക്കേണ്ടതുണ്ടെന്ന് മന്ത്രി …

 

ഇരിങ്ങാലക്കുട: ആർദ്ര കേരളം പദ്ധതിയുടെ വിലയിരുത്തലിന്റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ജനറല്‍ ആശുപത്രി സന്ദർശിച്ചു. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ജനപ്രതിനിധികളും രോഗികളും മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ആശുപത്രിയില്‍ അത്യാവശ്യമായി ഒരു ഫോറന്‍സിക് സര്‍ജനേയും, അതിന്റെ അനുബന്ധ തസ്തികകളും അനുവദിക്കണമെന്നും നിലവിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ച് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് രോഗികള്‍ക്കുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കണമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. ജനറല്‍ ആശുപത്രിയെന്ന നിലയില്‍ ഇക്കാര്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നു മന്ത്രി ഉറപ്പു നല്‍കി. ഒപി കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി. ഏഴു നിലകളിലായുള്ള ഈ കെട്ടിടത്തിന്റെ പണി 2024 ജൂണില്‍ പൂര്‍ത്തിയാകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ ശിവദാസ് മന്ത്രിയെ ധരിപ്പിച്ചു. ഒരു മാസമായി നിര്‍ത്തിവച്ചിരിക്കുന്ന ഡയാലിസിസ് സെന്ററിന്റെ പണി പുനരാരംഭിക്കുന്നതിനുള്ള തുക അനുവദിക്കണമെന്ന് സൂപ്രണ്ട് മന്ത്രിയോട് അഭ്യർത്ഥിച്ചു. ഗര്‍ഭിണികളായ സ്ത്രീകളോടൊപ്പം വരുന്ന പുരുഷന്മാര്‍ക്കു വേണ്ടി ഒരു കൂട്ടിരിപ്പ് കേന്ദ്രം സ്ഥാപിക്കുക, പുതിയ ബ്ലോക്കിനു സമീപമുള്ള കെട്ടിടാവശിഷ്ടങ്ങള്‍ നീക്കി രോഗികള്‍ക്കും മറ്റുള്ളവര്‍ക്കും സുഗമമായി നടന്നു പോകുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുക, സ്‌കാനിങ്ങ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് രോഗികള്‍ മന്ത്രിയോട് പറഞ്ഞത്. ആർദ്ര കേരളം പദ്ധതിയുടെ വിലയിരുത്തലിന്റെ ഭാഗമായി സംസ്ഥാനത്തെ താലൂക്ക് , ജില്ലാ , ജനറൽ ആശുപത്രികൾ നേരിട്ട് സന്ദർശിച്ച് വരികയാണെന്നും ആശുപത്രികൾ രോഗീ സൗഹ്യദമാക്കേണ്ടതുണ്ടെന്നും ഇ – ഹെൽത്ത് നടപ്പിലാക്കുന്നതിലെ തടസ്സങ്ങൾ പരിഹരിക്കാൻ ശ്രമങ്ങളുണ്ടാകുമെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍, വൈസ് ചെയര്‍മാന്‍ ടി.വി ചാര്‍ലി, പ്രതിപക്ഷ നേതാവ് കെ.ആര്‍ വിജയ, കൗണ്‍സിലര്‍മാര്‍മാരായ ജെയ്‌സണ്‍ പാറേക്കാടന്‍, പി.ടി ജോര്‍ജ്, അംബിക പള്ളിപ്പുറത്ത്, കെ.ആര്‍ ലേഖ, സി.എം സാനി, ആശുപത്രി വികസന സമിതി അംഗങ്ങളായ അഡ്വ. വി.സി വര്‍ഗീസ്, മാഗി വിന്‍സന്റ്, ആശുപത്രി സൂപ്രണ്ട് ഡോ ശിവദാസ് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Please follow and like us: