സഹകരണമേഖലയെ തകർക്കുന്ന കേന്ദ്രനയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ സഹകാരികളുടെയും ജീവനക്കാരുടെയും മാർച്ചും ധർണ്ണയും …
ഇരിങ്ങാലക്കുട : സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ സഹകാരികളും ജീവനക്കാരും . മേഖലയെ തകർക്കുന്ന കേന്ദ്രനയങ്ങൾ തിരുത്തുക, മൾട്ടി സ്റ്റേറ്റ് സഹകരണ സ്ഥാപനങ്ങളെയും നിധി സ്ഥാപനങ്ങളെയും നിയന്ത്രിക്കുക, റിസർവ്വ് ബാങ്ക് , ഇൻകം ടാക്സ് എന്നിവയെ ഉപയോഗിച്ച് അർബൻ ബാങ്കുകളെയും സഹകരണ സംഘങ്ങളെയും തകർക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. പൂതംക്കുളം മൈതാനിയിൽ നിന്ന് ആരംഭിച്ച മാർച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കേരളത്തെ കേരളമാക്കി മാറ്റിയ സഹകരണ പ്രസ്ഥാനത്തെ തകർക്കാനാണ് കേന്ദ്ര ശ്രമമെന്ന് പി കെ ഡേവിസ് മാസ്റ്റർ കുറ്റപ്പെടുത്തി.ഭരണഘടന അനുസരിച്ച് സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന സഹകരണ മേഖല നിയമ വിരുദ്ധ വഴികളിലൂടെ തകർത്ത് സാധാരണക്കാരന്റെ ജീവിത മാർഗ്ഗങ്ങളെ ഇല്ലാതാക്കാനാണ്
മോഡിയും അമിത് ഷായും ശ്രമിക്കുന്നത്. ഇന്ത്യയ്ക്ക് മാതൃകയായ സഹകരണ പ്രസ്ഥാനം വർഷങ്ങളായുള്ള പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസം നേടിക്കഴിഞ്ഞതാണെന്നും ഉദ്ഘാടകൻ പറഞ്ഞു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ യൂണിയൻ അംഗം ലളിത ചന്ദ്രശേഖരൻ , കെസിഇസി ജില്ലാ സെക്രട്ടറി എ എസ് സുരേഷ് ബാബു , യൂണിയൻ ഭരണ സമിതി അംഗം കെ സി ജെയിംസ് എന്നിവർ പ്രസംഗിച്ചു.