മുക്കുപണ്ടം പണയം വച്ച് 17 ലക്ഷം രൂപ തട്ടിയെടുത്ത കാറളം സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു; ബാങ്കിൻ്റെ പരാതിയിൽ കേസെടുത്ത് പോലീസ്.
ഇരിങ്ങാലക്കുട : മുക്കുപണ്ടം പണയം വച്ച് 17 ലക്ഷം തട്ടിയെടുത്ത ജീവനക്കാരനെ ബാങ്ക് സസ്പെൻ്റ് ചെയ്തു. കാറളം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ കാറളം കക്കേരി വീട്ടിൽ ഷൈൻ ( 49) നെയാണ് ഈ മാസം 21 ന് ചേർന്ന ഭരണസമിതി യോഗം സസ്പെൻ്റ് ചെയ്തത്. 2022 ഏപ്രിൽ മുതൽ 2024 മെയ് വരെ കാറളം ബാങ്കിൻ്റെ താണിശ്ശേരി കാവുപ്പുരയിലുള്ള എക്സ്റ്റൻഷൻ കൗണ്ടറിൽ മാനേജർ ആയി അധിക ചുമതല വഹിച്ചിരുന്ന സമയത്താണ് തട്ടിപ്പ് നടന്നത്. 17, 67, 000 രൂപയാണ് ബന്ധുക്കളുടെ പേരിൽ മുക്കുപണ്ടം പണയം വച്ച് ഇയാൾ എടുത്തത്. ഈ മാസം 19, 20 തീയതികളിൽ പുറത്ത് നിന്നുള്ള അപ്രൈസറുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് 21 ന് ചേർന്ന ഭരണ സമിതി യോഗം ഇയാളെ സസ്പെൻ്റ് ചെയ്യുകയായിരുന്നു. അന്നേ ദിവസം തന്നെ ബാങ്ക് അധികൃതർ നൽകിയ പരാതിയിൽ കാട്ടൂർ പോലീസ് കേസ്സെടുത്തിട്ടുണ്ട്. തട്ടിപ്പ് കണ്ടെത്തിയെന്ന് വ്യക്തമായപ്പോൾ പലിശ അടക്കം 1954000 രൂപ ഇയാൾ ബാങ്കിൽ തിരിച്ചടച്ചിട്ടുണ്ട്. ഇയാൾക്കെതിരെയുള്ള നിയമ നടപടികൾ തുടരുമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.