മഞ്ഞക്കൊന്ന തിന്നുന്ന പ്രാണിയെ കണ്ടെത്തി; പ്രാണിയെ തിരിച്ചറിഞ്ഞത് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ പി ജി വിദ്യാർഥിനി
ഇരിങ്ങാലക്കുട : വനത്തിലെ പച്ചപ്പിനെ ഇല്ലാതാക്കി വളരുന്ന മഞ്ഞക്കൊന്നയെ തിന്ന് നശിപ്പിക്കുന്ന പ്രാണിയെ തിരിച്ചറിഞ്ഞത് സെൻ്റ് ജോസഫ്സ് കോളേജ് വിദ്യാർഥിനി. രണ്ടാം വർഷ എംഎസ് സി ബയോ ടെക്നോളജി വിദ്യാർഥിനി എം എസ് ആരതിയാണ് കേരള വന ഗവേഷണ സ്ഥാപനത്തിലെ ചീഫ് സയൻ്റിസ്റ്റ് ഡോ ടി വി സജീവൻ്റെ കീഴിൽ നടത്തിയ ഗവേഷണത്തിലൂടെ മഞ്ഞക്കൊന്നയെ ഇല്ലാതാക്കുന്ന പ്രാണിയെ കണ്ടെത്തിയത്. വനത്തിൻ്റെ പച്ചപ്പിനെ ഇല്ലാതാക്കുകയും വന്യമൃഗങ്ങൾ കാടിറങ്ങാനുള്ള കാരണങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുകയും ചെയ്യുന്ന മഞ്ഞക്കൊന്നയെ ഇല്ലാതാക്കാൻ വനം വകുപ്പ് കോടികൾ ചെലവാക്കിയിട്ടും ഫലം കണ്ടിരുന്നില്ല. വയനാട് മുത്തങ്ങ റേഞ്ചിലായിരുന്നു സംഘം പഠനം നടത്തിയത്. സൈലോ ബോറൻസ് പെർഫോറൻസ് എന്ന പ്രാണി മഞ്ഞക്കൊന്നയുടെ അന്തകനാകുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്. മുത്തങ്ങ റേഞ്ചിലെ തകരപ്പാടി വനമേഖലയിൽ ഉണങ്ങി തുടങ്ങിയ ഒരു കൊന്നമരത്തിൽ നിന്നുള്ള സാമ്പിൾ എടുത്ത് മോളികൂളാർ ടൂൾസിൻ്റെ സഹായത്തോടെയാണ് പ്രാണിയെ തിരിച്ചറിഞ്ഞതെന്ന് എം എസ് ആരതി ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു. കൊന്നയുടെ തടി തുരന്ന് ഉള്ളിൽ കയറി മുട്ടയിടുന്ന പെൺ പ്രാണികൾ ഇതോടൊപ്പം ശരീരത്തിലുള്ള പൂപ്പൽ മരമാകെ പടർത്തുന്നതോടെ മരം ഉണങ്ങിത്തുടങ്ങുമെന്ന് ഗവേഷക സംഘം ചൂണ്ടിക്കാണിക്കുന്നു. തകരപ്പാടിയിൽ കൊന്ന മരങ്ങൾ ഉണങ്ങുവെന്ന വിവരം ലഭിച്ചതോടെ ഡോ ടി വി സജീവിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തുകയായിരുന്നു. കിഴുപ്പിള്ളിക്കര മാരാത്ത് വീട്ടിൽ സുമേഷ്കുമാറിൻ്റെയും സിന്ധുവിൻ്റെയും മകളാണ് . ഒരു മാസത്തിനുള്ളിൽ തീസിസ് സമർപ്പിക്കുമെന്ന് ആരതി അറിയിച്ചു.