ബില്യൺ ബീസ് നിക്ഷേപത്തട്ടിപ്പ്; പരാതികൾ തുടരുന്നു ; ഡിസംബറിൽ നൽകിയ 32 പരാതികളിൽ കേസ് എടുത്തിരിക്കുന്നത് അഞ്ചെണ്ണത്തിൽ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് നടന്ന ബില്യൺ ബീസ് നിക്ഷേപത്തട്ടിപ്പ് കേസിൽ പരാതികൾ തുടരുകയാണെങ്കിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് അഞ്ച് പരാതികളിൽ. കഴിഞ്ഞ വർഷം ഡിസംബർ 14 നാണ് 32 പേർ എസ്പി ഓഫീസിൽ എത്തി പരാതി നൽകിയത്. ഒരു കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ നഷ്ടമായ എങ്ങണ്ടിയൂർ ചിറയത്ത് വീട്ടിൽ ബിന്ദു , പത്ത് ലക്ഷം വീതം നഷ്ടമായ ഇരിങ്ങാലക്കുട സോൾവെൻ്റ് വെസ്റ്റ് റോഡിൽ കല്ലുമാൻ പറമ്പിൽ രവികൃഷ്ണദാസ്, കാരുമാത്ര സ്വദേശി രഞ്ജിത്ത്, പാലക്കാട് ശ്രീകൃഷ്ണപുരം മണ്ണംപേട്ട വടക്കേടത്ത് മന രമേഷ് , രണ്ട് കോടി അറുപത്തിഅഞ്ച് ലക്ഷത്തി മുപ്പത്തിമൂവായിരം രൂപ നഷ്ടപ്പെട്ട എടക്കുളം കരുമാന്ത്ര വീട്ടിൽ സേതുരാമൻ എന്നിവരുടെ പരാതികളാണ് കേസ്സ് എടുത്തിരിക്കുന്നത്. പത്ത് ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 30000 രൂപ വീതം നൽകാമെന്ന് പറഞ്ഞായിരുന്നു ഉടമ ബിബിൻ , ഭാര്യ ജൈത, സഹോദരൻ സുബിൻ എന്നിവരുടെ നേതൃത്വത്തിൽ തട്ടിപ്പെന്ന് ഇവരുടെ പരാതികളിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇതിൽ ഒരു കോടിക്ക് മുകളിൽ പണം നഷ്ടപ്പെട്ടവരുടെ പരാതികളിൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം വരെയാണ് 55 പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഡിസംബറിൽ ലഭിച്ചതും ഇപ്പോൾ ലഭിച്ച് കൊണ്ടിരിക്കുന്നതുമായ പരാതികളിൽ കേസ് എടുക്കുമെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്.