കോടികളുടെ നിക്ഷേപത്തട്ടിപ്പ്; ” സഫലമാക്കാം ബില്യൺ സ്വപ്നങ്ങൾ ” എന്ന വാഗ്ദാനത്തിൽ നഷ്ടപ്പെട്ടത് ബില്യൺ ബീസിലെ ജീവനക്കാരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കോടികളും; പരാതികൾ ആദ്യം നൽകിയത് ജീവനക്കാർ .
തൃശ്ശൂർ : ” സഫലമാക്കാം ബില്യൺ സ്വപ്നങ്ങൾ ” എന്ന വാഗ്ദാനത്തിൽ നഷ്ടപ്പെട്ടത് പ്രവാസികളുടെ കോടികൾ മാത്രമല്ലെന്ന് കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ബില്യൺ ബീസ് ഇൻ്റർനാഷണൽ പ്രൈവറ്റ് കമ്പനിയിലെ ജീവനക്കാർ . ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ റോഡിലെ ഹെഡ് ഓഫീസിലും പാം സ്ക്വയർ കെട്ടിടത്തിലെ ആഡംബര ഓഫീസിലും സംസ്ഥാനത്തെ മറ്റ് ബ്രാഞ്ചുകളിലുമായി ഉണ്ടായിരുന്നത് അമ്പതിലേറെ ജീവനക്കാരാണ്. ട്രേഡിംഗിലെ ലാഭവും പലിശയും നിക്ഷേപകരുടെ അക്കൗണ്ടുകളിലേക്ക് ഒഴുകിയെത്തുന്നത് കണ്ട് പണം ആദ്യഘട്ടത്തിലും തകർച്ചയുടെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയപ്പോൾ കര കയറാനുമായി കോടികളാണ് ജീവനക്കാർ തന്നെ ബില്യൺ ബീസിൽ നിക്ഷേപിച്ചത്. വ്യക്തിപരമായി എട്ട് ലക്ഷവും തൻ്റെ പ്രേരണയിൽ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നുമായി ഒരു കോടിയോളം രൂപ സ്ഥാപനത്തിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് ഇരിങ്ങാലക്കുട സ്വദേശിയായ ഒരു ജീവനക്കാരൻ വെളിപ്പെടുത്തി. കോടാലി സ്വദേശിയായ ഒരു ജീവനക്കാരൻ വഴി നിക്ഷേപിച്ചത് മൂന്ന് കോടിയോളം രൂപയാണ്. ആകർഷകമായ ലാഭം പ്രതീക്ഷിച്ച് ലോൺ എടുത്തും വീട് ഉൾപ്പെടെ പണയം വച്ചും കണ്ടെത്തിയ പണമാണ് ഇവയിൽ അധികവും. ജീവനക്കാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പരിഹരിക്കുന്നതിൽ സ്ഥാപന ഉടമ നടവരമ്പ് കിഴക്കേ വളപ്പിൽ ബിബിൻ ശ്രദ്ധിച്ചിരുന്നു. 2023 അവസാനത്തോടെ ബിബിൻ ദുബായിലേക്ക് നീങ്ങിയപ്പോൾ ഭാര്യ ജെയ്ദയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. പട്ടണത്തിലെ ഒരു അൺ എയ്ഡഡ് സ്കൂളിലെ താത്കാലിക ജീവക്കാരനായ രാധാകൃഷ്ണൻ്റെ മൂന്ന് മക്കളായ സുബിൻ, ബിബിൻ, ലിബിൻ എന്നിവർ ഒരു ഘട്ടത്തിൽ പട്ടണത്തിൽ ഓട്ടോ ഓടിച്ചിരുന്നതായും ഇതിൽ ബിബിൻ സ്വകാര്യ ബാങ്കിലെ ഡെപ്യൂട്ടി മാനേജർ തസ്തികകയിൽ പ്രവർത്തിച്ച സമയത്ത് ട്രേഡിംഗ് ചെയ്യാൻ ആരംഭിക്കുകയും സാധ്യതകൾ മനസ്സിലാക്കി സ്ഥാപനം ആരംഭിക്കുകയായിരുന്നുവെന്നും ജീവനക്കാർ പറയുന്നു.
ശമ്പളം മുടങ്ങുകയും നിക്ഷേപിച്ച പണം തിരികെ കിട്ടുമെന്ന പ്രതീക്ഷയും നഷ്ടപ്പെട്ടതോടെ കഴിഞ്ഞ വർഷം ആഗസ്റ്റിൽ തന്നെ എസ്പിക്ക് അഞ്ച് ജീവനക്കാർ പരാതി നൽകിയിരുന്നു. എന്നാൽ ആ ഘട്ടത്തിൽ പോലീസ് കേസ്സെടുത്തിരുന്നില്ല.