ഇരിങ്ങാലക്കുട : 63 -മത് സൗത്ത് ഇന്ത്യൻ ഇൻ്റർകൊളീജിയറ്റ് കണ്ടംകുളത്തി ഫുട്ബോൾ ടൂർണ്ണമെൻ്റ് ക്രൈസ്റ്റ് ഫുട്ബോൾ മൈതാനിയിൽ ഫെബ്രുവരി 20 ന് ആരംഭിക്കും; പങ്കെടുക്കുന്നത് പ്രമുഖ 16 ടീമുകൾ.
ഇരിങ്ങാലക്കുട : കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെൻ്റുകളിൽ ഒന്നായ സൗത്ത് ഇന്ത്യൻ കണ്ടംകുളത്തി ഇൻ്റർ കൊളീജിയറ്റ് ഫുട്ബോൾ ടൂർണമെൻ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഫെബ്രുവരി 20 മുതൽ 24 വരെയായി ക്രൈസ്റ്റ് ഫുട്ബോൾ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെൻ്റിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ വടക്കാഞ്ചേരി വ്യാസ, കണ്ണൂർ എസ്എൻ, തൃശ്ശൂർ കേരളവർമ്മ, ബാംഗ്ളൂർ സിഎംസി , ചങ്ങനാശ്ശേരി എസ്ബി അടക്കം 16 ടീമുകൾ പങ്കെടുക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ്, മാനേജർ ഫാ ജോയ് പീണിക്കപ്പറമ്പിൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. 21 ന് 3.30 ന ന് നടക്കുന്ന ചടങ്ങിൽ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്യും. 24 ന് ന് വൈകീട്ട് 5 മണിക്ക് നടക്കുന്ന സമാപന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് സമ്മാനദാനം നിർവഹിക്കും. ഫെബ്രുവരി 17, 18 തീയതികളിൽ രണ്ടാമത് ഇൻ്റർ കൊളീജിയറ്റ് ഹോക്കി ടൂർണ്ണമെൻ്റും ഫെബ്രുവരി 25 ന് പുരുഷ വനിതാ വിഭാഗങ്ങളിൽ ആൾ കേരള വടംവലി മത്സരവും, 27, 28 തീയതികളിൽ ഒന്നാമത് ആൾകേരള ഇൻ്റർകൊളീജിയറ്റ് ബാസ്ക്കറ്റ് ബോൾ ടൂർണ്ണമെൻ്റും സംഘടിപ്പിച്ചിട്ടുണ്ട്. കായിക വിഭാഗം വകുപ്പ് മേധാവി പ്രൊഫ. ബിൻ്റു കല്യാൺ , ഇംഗ്ലീഷ് വകുപ്പ് മേധാവി ഡോ കെ ജെ വർഗ്ഗീസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.