വിഖ്യാത ഇന്ത്യൻ എഴുത്തുകാരൻ റസ്കിൻ ബോണ്ട് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരത്തിൽ ഇടം പിടിച്ച് ഇരിങ്ങാലക്കുടയിൽ നിന്നുള്ള എഴുത്തുകാരിയുടെ രചനയും; ഇരുപത് കഥകൾ തിരഞ്ഞെടുത്തത് ആയിരത്തോളം എൻട്രികളിൽ നിന്നും
ഇരിങ്ങാലക്കുട : വിഖ്യാത ഇന്ത്യൻ എഴുത്തുകാരൻ റസ്കിൻ ബോണ്ട് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ഇംഗ്ലീഷിലുള്ള ചെറുകഥ സമാഹാരത്തിൽ ഇടം പിടിച്ച് ഇരിങ്ങാലക്കുടയിൽ നിന്നുള്ള എഴുത്തുകാരിയുടെ രചനയും. ” പ്രണയത്തിന് വേണ്ടിയുള്ള എഴുത്ത് ” എന്ന വിഷയം ആസ്പദമാക്കി പ്രസാധകരായ രൂപ പബ്ലിക്കേഷൻ ദേശീയതലത്തിൽ നടത്തിയ മൽസരത്തിൽ ലഭിച്ച ആയിരത്തോളം എൻട്രികളിൽ നിന്നാണ് ഇരുപത് കഥകൾ പത്മശ്രീ ജേതാവായ റസ്കിൻ ബോണ്ട് തിരഞ്ഞെടുത്തിരിക്കുന്നത്. പ്രണയത്തിൻ്റെ വ്യത്യസ്ത ഭാവങ്ങൾ ആവിഷ്ക്കരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള രചനകളാണ് കഥാസമാഹാരത്തിലുള്ളത്. എഴുത്തുകാരിയും പ്രഭാഷകയുമായ ഡോ ഹേമ സാവിത്രിയുടെ ” ദി മൂൺ ഫ്ലവർ ” എന്ന കഥ മാത്രമാണ് കേരളത്തിൽ നിന്നും ഇടം പിടിച്ചിരിക്കുന്നത്. വടക്കൻ കേരത്തിലെ ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കി തെയ്യം കലാകാരൻ്റെ സ്വത്വപരമായ പ്രതിസന്ധികൾ ആവിഷ്ക്കരിച്ച നോവൽ ” ദി മിസ്റ്റീരയസ് ഡാൻസ് ഓഫ് വിൻ്റേജ് ഫോളീസ് ” , കുട്ടികൾക്ക് വേണ്ടിയുള്ള സയൻസ് ഫിക്ഷനായ ” സിഗ്നൽ സീറോ എസ്കപേഡ്സ് ” , കവിതാ സമാഹാരങ്ങളായ ” ഫയർ ഫ്ലൈസ് “, ” ഫുട്പ്രിൻ്റ്സ് ഫ്രം മിസ്റ്റ് ടു സാൻഡ് ” എന്നിവയാണ് ഡോ ഹേമയുടെ മറ്റ് രചനകൾ. ഇരിങ്ങാലക്കുടയ്ക്കടുത്ത് ഐക്കരക്കുന്നിൽ അരിയ്ക്കത്ത് മനയിൽ സജുവിൻ്റെ ഭാര്യയാണ്. ബിടെക് വിദ്യാർഥിയായ ശ്രീദത്തൻ മകനാണ്.