” സംഗമഗ്രാമമാധവൻ്റെ രണ്ട് കൃതികൾ ” വായനക്കാരിലേക്ക്; പ്രകാശനം ഡൽഹിയിൽ വേൾഡ് ബുക്ക് ഫെയറിൽ വച്ച്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് അധ്യാപികയായ ലിറ്റി ചാക്കോ രചിച്ച ‘ സംഗമഗ്രാമമാധവൻ്റെ രണ്ടു കൃതികൾ’ പ്രകാശനം ചെയ്തു. ആധുനിക ഗണിതത്തിൻ്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന സംഗമഗ്രാമമാധവനെക്കുറിച്ചുള്ള പഠനം നാഷണൽ ബുക്ക് ട്രസ്റ്റ്, ഇന്ത്യയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, യു ജി സി ചെയർമാൻ പ്രൊഫ എം. ജഗദേഷ് കുമാർ, ത്രിപുര ഗവർണർ എൻ. ഇന്ദ്രസേന റെഡ്ഡി, ദേശീയ ഹയർ എഡ്യൂക്കേഷൻ സെക്രട്ടറി വിനീത് ജോഷി, ദേശീയ സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ, എൻ ബി ടി ചെയർമാൻ പ്രൊഫ.മിളിന്ദ് സുധാകർ മറാത്തെ, ഡയറക്ടർ യുവരാജ് മാലിക് എന്നിവർ ചേർന്ന് വേൾഡ് ബുക്ക് ഫെയറിൻ്റെ തീം പവലിയനിൽ വച്ചാണ് പ്രകാശനം ചെയ്തത്.
സംഗമഗ്രാമമാധവനെക്കുറിച്ചുള്ള പഠനവും മാധവൻ്റെ അപ്രകാശിതവും അലഭ്യവുമായിരുന്ന കൃതികളും ഉൾപ്പെടുത്തിയിട്ടുള്ളതാണ് ‘സംഗമഗ്രാമമാധവൻ്റെ രണ്ടു കൃതികൾ’ എന്ന ലിറ്റി ചാക്കോയുടെ പുസ്തകം.
സംഗമഗ്രാമമാധവനെ കുറിച്ച് കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളം കാലത്തെ ഇവരുടെ ഗവേഷണത്തിൻ്റെ ഒരു ഫലം കൂടിയാണിത്. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി , സിസ്റ്റർ സങ്കീർത്തനയും , പ്രൊഫ ലിറ്റി ചാക്കോ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.