പോത്താനി ശിവക്ഷേത്രത്തിൽ ആറാട്ട് ചടങ്ങുകൾക്കിടെ ആന ഇടഞ്ഞു; നിയന്ത്രിച്ചത് ഉച്ചയോടെ

പോത്താനി ശിവക്ഷേത്രത്തിൽ ആറാട്ട് ചടങ്ങുകൾക്കിടെ ആന ഇടഞ്ഞു; നിയന്ത്രിച്ചത് ഉച്ചയോടെ

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിൽ പോത്താനി ശിവക്ഷേത്രത്തിലെ ആറാട്ട് ചടങ്ങുകൾക്കായി കൊണ്ട് വന്ന ആന ഇടഞ്ഞു. രാവിലെ ഒൻപതരയോടെ ആയിരുന്നു സംഭവം. കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രത്തിൻ്റെ ആറാട്ട് കടവിൽ നിന്നും ആറാട്ട് കഴിഞ്ഞ് അടുത്ത് തന്നെയുള്ള ക്ഷേത്രത്തിലേക്ക് മടങ്ങുന്ന വഴിയാണ് തടത്താവിള ശിവ എന്ന ആന ഇടഞ്ഞത്. ഇടഞ്ഞ ആന പാപ്പാനെ കുത്താൻ ശ്രമിച്ചെങ്കിലും പാപ്പാൻ ഓടി മാറുകയായിരുന്നു. തുടർന്ന് ആന അടുത്തുള്ള ഒഴിഞ്ഞ പറമ്പിലേക്ക് ഓടിക്കയറി. പറമ്പിനോട് ചേർന്നുള്ള കെട്ടിടത്തിൻ്റെ അടുത്ത് എത്തിയപ്പോൾ ആനപ്പുറത്ത് ഉണ്ടായിരുന്ന മിഥുൻ തിരുമേനി കെട്ടിത്തിൻ്റെ മുകളിലേക്ക് ചാടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് തൃശ്ശൂരിൽ നിന്നും എത്തിയ എലിഫെൻ്റ് സ്ക്വാഡിൻ്റെ നിയന്ത്രണത്തിൽ പന്ത്രണ്ട് മണിയോടെയാണ് ആനയെ പൂർണ്ണമായും നിയന്ത്രണത്തിലാക്കിയത്. ആന ഇടഞ്ഞതിനെ തുടർന്നുള്ള പരിഭ്രാന്തിയിൽ ഓടുന്നതിനിടയിൽ രണ്ട് പേർ വീണെങ്കിലും കാര്യമായ പരിക്കുകൾ ഇല്ലെന്ന് ദേവസ്വം ഓഫീസർ പറഞ്ഞു. ഇടഞ്ഞ ആന പറമ്പിലെ രണ്ട് കവുങ്ങുകൾ മറച്ചിട്ടിട്ടുണ്ട്. ഉൽസവ നടത്തിപ്പ് ക്ഷേത്ര ഭരണസമിതിക്കാണെങ്കിലും ആനകളെ ലഭ്യമാക്കുന്നത് ദേവസ്വം ബോർഡിൻ്റെ ചുമതലയിലാണ് . എജൻ്റ് മുഖേനയാണ് ആനകളെ എത്തിക്കാറുള്ളതെന്നും ഞായറാഴ്ച പുലർച്ചയാണ് ആനയെ എത്തിച്ചതെന്നും ദേവസ്വം അധികൃതർ പറഞ്ഞു. ആന ഇടഞ്ഞ ഉടൻ തന്നെ കാട്ടൂർ പോലീസും സ്ഥലത്ത് എത്തിയിരുന്നു.

Please follow and like us: