കാട് പിടിച്ച് കിടക്കുന്ന പറമ്പുകൾ പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്ന കർഷകർക്ക് നഷ്ടങ്ങൾ വിതച്ച് കാട്ടുപന്നി ശല്യവും; നടപടി ആവശ്യപ്പെട്ട് പോത്താനിയിലെ കർഷകർ.
ഇരിങ്ങാലക്കുട : കാട് പിടിച്ച് കിടന്നിരുന്ന പറമ്പുകൾ വൃത്തിയാക്കി കൃഷിയിറക്കിയ കർഷകർക്ക് വിനയായി കാട്ടുപന്നി ശല്യവും . പടിയൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ പോത്താനി പ്രദേശമാണ് രണ്ടാഴ്ചയായി കാട്ടുപന്നികളുടെ ശല്യം നേരിടുന്നത്. പറമ്പ് പാട്ടത്തിന് എടുത്ത് മാസങ്ങൾക്ക് മുമ്പ് കൊള്ളി, വാഴ കൃഷികൾ ആരംഭിച്ച ഞാറ്റുവെട്ടി വീട്ടിൽ മണി, കൊടലിപ്പറമ്പിൽ ഔസേപ്പ്, മണപ്പുള്ളി വീട്ടിൽ ചന്ദ്രിക എന്നിവർക്കാണ് കാട്ടുപന്നികൾ നഷ്ടം ഉണ്ടാക്കുന്നത്. . ലാഭം മാത്രം ലക്ഷ്യമാക്കിയല്ല കൃഷി ആരംഭിച്ചതെന്നും മനസ്സിൻ്റെ തൃപ്തിയും പ്രധാനമായിരുന്നുവെന്ന് 21 വർഷത്തോളം അതിർത്തി രക്ഷാസേനയിൽ പ്രവർത്തിച്ച ഞാറ്റുവെട്ടി മണി പറയുന്നു. പൂർണ്ണമായും ജൈവ വളം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. പന്നി ശല്യത്തെ തുടർന്ന് തനിക്ക് മാത്രമായി നാലായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി മണി പറയുന്നു. കൂടുതൽ നഷ്ടം ഒഴിവാക്കാനായി കർഷകർ കൊള്ളികൾ പറച്ച് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ പറമ്പിലൂടെ നടന്നു നീങ്ങുന്ന പന്ത്രണ്ടോളം പന്നികളുടെ ദൃശ്യങ്ങൾ ഇവർ പകർത്തിയിട്ടുണ്ട്. പന്നി ശല്യം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ കൃഷിഭവനിൽ പരാതി നൽകിയിട്ടുണ്ട്.