ആളൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടിൻ്റെ മകനെ വല്ലക്കുന്ന് ചിറയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഇരിങ്ങാലക്കുട : ആളൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും സിപിഎമ്മിൻ്റെ മുതിർന്ന നേതാവുമായ വല്ലക്കുന്ന് ചിറ്റിലപ്പിള്ളി പോൾ കോക്കാട്ടിൻ്റെ മകൻ കോളിൻസിനെ (51 വയസ്സ്) വല്ലക്കുന്ന് -മുരിയാട് റോഡിലെ വല്ലക്കുന്ന് ചിറയിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകീട്ട് എഴരയ്ക്ക് സ്കൂട്ടറിൽ പെട്രോൾ അടിക്കാനായി വീട്ടിൽ നിന്നും ഇറങ്ങിയതാണ്. തിരിച്ച് എത്താഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് ചിറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂട്ടറും ചിറയിൽ വീണ നിലയിലായിരുന്നു. ചാലക്കുടി കേന്ദ്രീകരിച്ച് അച്ചടി പേപ്പറിൻ്റെ വ്യാപാരം നടത്തിവരികയായിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ കാതറിൻ പോളാണ് മാതാവ്. പൊയ്യ സെൻ്റ് അപ്രേം സ്കൂൾ അധ്യാപികയായ ജിത ഭാര്യയും ആളൂർ സെൻ്റ് ജോസഫ്സ് സ്കൂൾ പ്ലസ് ടു വിദ്യാർഥിനി ദിയ മകളുമാണ്. ഗീത, അനിത എന്നിവർ സഹോദരിമാരാണ്. സംസ്കാരം ചൊവ്വാഴ്ച 4 മണിക്ക് കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിൽ നടത്തും.