കണ്ടിജൻ്റ് ജീവനക്കാരുടെ നിയമനത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ബഹളം; അജണ്ടകൾ ചർച്ച കൂടാതെ വായിച്ച് പാസ്സാക്കി യോഗം പിരിച്ച് വിട്ടു

കണ്ടിജൻ്റ് ജീവനക്കാരുടെ നിയമനത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തില്‍ ഭരണപക്ഷ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാഗ്വാദം; ബഹളത്തിനിടയില്‍ അജണ്ടകള്‍ ചർച്ച കൂടാതെ പാസ്സാക്കി യോഗം പിരിച്ച് വിട്ടു.

 

ഇരിങ്ങാലക്കുട: നഗരസഭ യോഗത്തില്‍ ഭരണപക്ഷ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാഗ്വാദം. യോഗം ആരംഭിച്ചയുടനെ നഗരസഭയില്‍ കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്ന ആദ്യ അജണ്ടയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ കക്ഷികള്‍ എതിര്‍പ്പും വിയോജിപ്പും പ്രകടിപ്പിച്ചിരുന്നു. കണ്ടീജന്റ് വര്‍ക്കര്‍ ഒഴിവിലേക്ക് നേരത്തെ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിന് മുമ്പ് രണ്ട് തവണ നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അംഗീകാരം നല്‍കിയിരുന്നില്ല. ഇതോടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 10 പേരില്‍ ഒമ്പത് പേര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് അനുകൂലമായ ഉത്തരവ് നേടിയിരുന്നു. എന്നാൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടും രാഷ്ട്രീയ പക്ഷപാതത്തോടെയും ഇറക്കിയ ലിസ്റ്റാണിതെന്നും അംഗീകരിക്കാനാവില്ലെന്ന് എല്‍ഡിഎഫ് പാര്‍ലിമെന്ററി ലീഡര്‍ അഡ്വ.കെ.ആര്‍. വിജയ പറഞ്ഞു. ലിസ്റ്റിലുള്ളവര്‍ക്ക് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി നിയമന കത്ത് നല്‍കുവാന്‍ കോടതി ഉത്തരവുണ്ടെന്ന് സെക്രട്ടറി എം.എച്ച് ഷാജിക് വിശദീകരിച്ചു. എന്നാൽ വിഷയത്തില്‍ വോട്ടെടുപ്പ് വേണമെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍ സി.സി. ഷിബിന്‍ ആവശ്യപ്പെട്ടു. വോട്ടെടുപ്പ് അനുവദിക്കില്ലെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. ഇതോടെ എല്‍ഡിഎഫ് അംഗങ്ങള്‍ എഴുന്നേറ്റ് ചെയര്‍പേഴ്‌സന്റെ ചേമ്പറിനു മുന്നില്‍ ബഹളം വച്ചു. പ്രതിരോധവുമായി യുഡിഎഫ് കൗണ്‍സിലര്‍മാരും രംഗത്ത് എത്തി. ഭരണപക്ഷ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ ബഹളവും വാക്കേറ്റവും ഏറെ നേരം നീണ്ടുനിന്നു. ബഹളത്തിനിടയിൽ അജണ്ടകള്‍ വായിക്കുകയും എല്ലാ അജണ്ടകളും പാസായതായും കൗണ്‍സില്‍ യോഗം അവസാനിച്ചതായും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. എല്‍ഡിഎഫും ബിജെപിയും അജണ്ടകള്‍ പാസായത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി കൊണ്ട് വിയോജനക്കുറിപ്പ് നല്‍കി.

Please follow and like us: