ആളൂർ ഗ്രാമപഞ്ചായത്ത് ഭരണത്തിനെതിരെ പ്രതിപക്ഷം; ഫെബ്രുവരി ഒന്നിന് പഞ്ചായത്തിന് മുന്നിൽ ധർണ്ണ

ആളൂർ പഞ്ചായത്തിലെ വികസനമുരടിപ്പിനും ഭരണപരാജയങ്ങൾക്കുമെതിരെ പ്രതിപക്ഷം; ഫെബ്രുവരി ഒന്നിന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ.

ഇരിങ്ങാലക്കുട : ആളൂർ ഗ്രാമപഞ്ചായത്ത് ഭരണത്തിനെതിരെ നിശിത വിമർശനവുമായി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയും ഭരണസമിതിയിലെ പ്രതിക്ഷ അംഗങ്ങളും. പുതിയ പദ്ധതികൾ നടപ്പിലാക്കാനോ അടിസ്ഥാന വിഷയങ്ങളായ കുടിവെള്ളം, റോഡ് വികസനം, വെളിച്ചം എന്നിവ പരിഹരിക്കാനോ കെ ആർ ജോജോ പ്രസിഡണ്ടായ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ബാബു തോമസ് കുറ്റപ്പെടുത്തി. കദളിച്ചിറ നവീകരണം യാഥാർഥ്യമാക്കാനോ ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി പൊളിച്ച റോഡുകൾ സഞ്ചാരയോഗ്യമാക്കാനോ കഴിഞ്ഞിട്ടില്ല. ആളൂർ സെൻ്റർ വികസനം, കൊമ്പൊടിഞ്ഞാമാക്കൽ സെൻ്റർ വികസനം പദ്ധതികൾ പ്രഖ്യാപനത്തിലൊതുങ്ങി. തിരുത്തിപ്പറമ്പ് ക്രിമിറ്റോറിയ നിർമ്മാണ പദ്ധതിക്ക് എതിരെ പരിസരവാസികൾ പ്രതിഷേധത്തിലാണ് . ഒരു തട്ടിക്കൂട്ട് സംഘടന നൽകിയ അവാർഡിൻ്റെ പേരിൽ പ്രസിഡണ്ട് ഫ്ലെക്സ് അടിച്ച് നടക്കുകയാണ്. എന്ത് മികവിൻ്റെ പേരിലാണ് അവാർഡ് എന്ന് മനസ്സിലാകുന്നില്ല. ഭരണത്തിനും വികസനമുരടിപ്പിനുമെതിരെ ഫെബ്രുവരി ഒന്നിന് രാവിലെ പത്തിന് പഞ്ചായത്തിന് മുന്നിൽ ധർണ്ണ നടത്തും. പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങളായ കെ വി രാജു, സുബിൻ കെ സെബാസ്റ്റ്യൻ, പി സി ഷൺമുഖൻ, കൊച്ചുത്രേസ്യ ദേവസ്സി , രേഖ സന്തോഷ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: