ആനീസ് കൊലപാതകം, അന്വേഷണം ക്രൈംബ്രാഞ്ചിനു തന്നെ; പുതിയ സ്ക്വാഡ് രൂപീകരിച്ചു.
ഇരിങ്ങാലക്കുട: ആനീസ് കൊലപാതകം സിബിഐ ക്ക് വിടണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസന്വേഷണത്തിനായി പുതിയ സ്ക്വാഡ് രൂപീകരിച്ചു. സ്ക്വാഡ് അംഗങ്ങള്‍ കൊല്ലപ്പെട്ട ആനീസിന്റെ വീട്ടിലെത്തി പരിശോധന നടത്തി. 2019 നവംബര്‍ 14 നാണ് ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ കൂനന്‍ വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യ ആനീസ് കൊല്ലപ്പെട്ടത്. 2020 ഡിസംബറിലാണ് ക്രൈംബ്രാഞ്ച് സംഘം കേസന്വേഷണം ഏറ്റെടുത്തത്. കൊല്ലപ്പെട്ട ആനീസിന്റെ മകന് അന്തോണീസ് 2024 ഒക്ടോബറിലാണ് കേസന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പട്ട് ഹര്‍ജി നല്‍കിയത്. പുതിയതായി രൂപീകരിച്ച സ്ക്വാഡ് അംഗങ്ങള്‍ കൊല്ലപ്പെട്ട ആനീസിന്റെ വീട്ടിലെത്തി വൈകീട്ട് എത്തിയ സംഘം വീടും പറമ്പും പരിശോധിച്ചു. കൊലചെയ്യുവാന്‍ കൊണ്ടുവന്നതായി കരുതപ്പെടുന്ന മൂര്‍ച്ചയേറിയ ആധുധം പൊതിഞ്ഞതായി കരുതുന്ന പത്രം സംഭവദിവസം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടവരെയും കര്ട്ടന് വില്പനക്കാരെയും കുറിച്ച് ചോദിച്ചറിഞ്ഞിട്ടുണ്ട്. ആനീസിന്റെ വളകള്‍ മുറിക്കുവാന്‍ ഉപയോഗിച്ചതായി കരുതുന്ന കട്ടര്‍ കണ്ടെത്തിയ വീട്ടുപറമ്പും സമീപത്തെ പറമ്പിലെ കിണറുകളും സംഘം പരിശോധിച്ചു. ഇരിങ്ങാലക്കുട റസ്റ്റ് ഹൗസില്‍ വച്ച് ആനീസിന്റെ അടുത്ത ബന്ധുക്കളയും അയല്‍വാസികളെയും ചോദ്യം ചെയ്തിരുന്നു. ആനീസിന്റെ കുടുംബവുമായി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യലിനു വിളിപ്പിക്കുന്നുണ്ട്. ആനീസിന്റെ ഫോണിലേക്കു വന്ന ഫോണ്‍ കോളുകളും ബന്ധുക്കളുടെയും സമീപവാസികളുടെയും ഫോണ്‍ കോളുകളും പരിശോധനക്കു വിധേയമാക്കും.എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസിപി ടോമി സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പുതിയ സ്ക്വാഡ് രൂപീകരിച്ചിരിക്കുന്നത്. തൃശൂര്‍ ക്രൈംബ്രാഞ്ചിലെ സിഐ മാരായ പി.പി. ജോയ്, ബെന്നി ജേക്കബ്, എറണാകുളം ക്രൈംബ്രാഞ്ച് സിഐ പി.എസ്. ശ്രീജേഷ് എന്നിവരും സംഘത്തിലുണ്ട്.