സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിന്റെ ഇടപെടലിൽ വയോധികൻ സദാനന്ദന് സംരക്ഷണമൊരുങ്ങി
ഇരിങ്ങാലക്കുട: നഗരസഭ 7-ാം വാർഡിലെ വാരിക്കാട്ട് വീട്ടിൽ സദാനന്ദന് ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിന്റെ അടിയന്തിര ഇടപെടലിൽ സംരക്ഷണമൊരുങ്ങി. സദാനന്ദൻ (68) പ്രായത്തിന്റെ അവശതയാലും സംരക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥയിലും ബുദ്ധിമുട്ടുകയായിരുന്നു.
വിഷയം ലോട്ടറി തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി ഷാജി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഒറ്റപ്പെട്ട വയോധികന്റെ സംരക്ഷണവും സുരക്ഷയും എത്രയും വേഗം ഉറപ്പാക്കാൻ സാമൂഹ്യനീതി വകുപ്പ് മന്ത്രി തൃശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് കെ ആർ പ്രദീപന് നിർദ്ദേശം നൽകി.
സദാനന്ദൻ വിവാഹിതനും മൂന്നു പെൺകുട്ടികളുടെ പിതാവും ആണ്.കഴിഞ്ഞ 23 വർഷമായി സദാനന്ദൻ ഒറ്റയക്കാണ് താമസിച്ച് വന്നിരുന്നത്.തന്റെ ഇടതു കൈയ്ക്കും ഇടതു കാലിനും തളർച്ചയും ബുദ്ധിമുട്ടും വന്നതോടെ ജോലിക്കു പോവാനോ സ്വയം കാര്യങ്ങൾ ചെയ്യാനോ സാധിക്കാത്ത അവസ്ഥയിലായി സദാനന്ദന്റെ ജീവിതം.കുടുംബപ്രശ്നങ്ങൾ മൂലം വീട് വീട്ടിറങ്ങിയ സദാനന്ദൻ ബന്ധുവിന്റെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു.
മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ സാമൂഹ്യനീതി വകുപ്പ് സദാനന്ദനെ കോട്ടപ്പടിയിലുള്ള അഭയഭവൻ എന്ന സ്ഥാപനത്തിലേക്ക് പുനരധിവസിപ്പിച്ച് സംരക്ഷണം ഉറപ്പാക്കി.
ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓർഫനേജ് കൗൺസിലർ ദിവ്യ അബിഷ്,അജയകുമാർ, ബന്ധു കുറുപ്പം റോഡ് രവീന്ദ്രൻ , ജീവൻലാൽ എന്നിവർ ചേർന്നാണ് സദാനന്ദനെ അഭയഭവൻ സംരക്ഷണകേന്ദ്രത്തിൽ എത്തിച്ചു.