പ്രസിഡണ്ട്, വൈസ്-പ്രസിഡണ്ട് സ്ഥാനങ്ങളെ സംബന്ധിച്ച് എൽഡിഎഫ് കാട്ടൂർ നേതൃത്വം 2020 ൽ എടുത്ത തീരുമാനത്തിൻ്റെ മിനിറ്റ്സ് പുറത്ത്; ആദ്യത്തെ നാല് വർഷം പ്രസിഡണ്ട് സ്ഥാനം സിപിഎമ്മിനെന്നും തുടർന്ന് സ്ഥാനം സിപിഐ വഹിക്കുമെന്നും ധാരണയെന്ന് മിനിറ്റ്സ്
ഇരിങ്ങാലക്കുട : കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഭരണകക്ഷിയായ സിപിഎമ്മും സിപിഐ യും തമ്മിൽ അഭിപ്രായ ഭിന്നത തുടരുന്നതിനിടയിൽ , പ്രസിഡണ്ട് സ്ഥാനം സംബന്ധിച്ച് തിരഞ്ഞെടുപ്പിനെ തുടർന്ന് എൽഡിഎഫ് കാട്ടൂർ നേതൃത്വം എടുത്ത തീരുമാനത്തിൻ്റെ കോപ്പി സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. 2020 ഡിസംബർ 30 ന് രാവിലെ സിപിഎം കാട്ടൂർ ഓഫീസിൽ നടന്ന യോഗത്തിൻ്റെ മിനിറ്റ്സാണ് പുറത്ത് വന്നിരിക്കുന്നത്. ഇത് പ്രകാരം പ്രസിഡണ്ട് സ്ഥാനം ആദ്യ നാല് വർഷം സിപിഎമ്മും തുടർന്നുള്ള ഒരു വർഷം സിപിഐ യും പങ്കിടുമെന്നും വൈസ്-പ്രസിഡണ്ട് സ്ഥാനം ആദ്യ രണ്ട് വർഷം സിപിഐയും തുടർന്നുള്ള മൂന്ന് വർഷങ്ങൾ സിപിഎമ്മും വഹിക്കുമെന്നാണ് തീരുമാനം എടുത്തിരിക്കുന്നത്. സിപിഐ ലോക്കൽ സെക്രട്ടറി എ ജെ ബേബിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി എം ബി പവിത്രൻ, സിപിഐ ലോക്കൽ കമ്മിറ്റി അംഗം എം കെ കോരൻ എന്നിവരാണ് മിനുറ്റ്സിൽ ഒപ്പിട്ടിരിക്കുന്നത്.