ക്ഷേത്രാചരങ്ങളുമായി ബന്ധപ്പെട്ട് സച്ചിദാനന്ദസ്വാമികൾ മുന്നോട്ട് വച്ച ആശയങ്ങൾ ആധുനിക കേരളം എറ്റെടുക്കണമെന്ന് കെപിഎംഎസ്
ഇരിങ്ങാലക്കുട : ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടന സമ്മേളന വേദിയിൽ സച്ചിദാനന്ദ സ്വാമികൾ ക്ഷേത്രാചാരങ്ങളുടെ ഭാഗമായി മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ ആധുനിക കേരളം ഏറ്റെടുക്കണമെന്ന് കെ പി എം എസ് സംസ്ഥാന പ്രസിഡണ്ട് പി എ അജയഘോഷ് പറഞ്ഞു.
കെപിഎംഎസ് ജില്ലാ നേതൃയോഗം ആളൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമത്വവും സാഹോദര്യവും പുലർത്തുന്നതിന് ഗുരു തന്നെ മുന്നോട്ടുവച്ച ദർശനങ്ങളുടെ തുടർച്ചയാണ് സച്ചിദാനന്ദ സാമികളിലൂടെ ഉയർന്നുവന്നിരിക്കുന്നതെന്നും ദുരാചാരങ്ങൾ തകർക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘാടക പ്രവർത്തനങ്ങളിൽ മികച്ച സേവനം നൽകിയ മുരിയാട് യൂണിയൻ സെക്രട്ടറി പി കെ കുട്ടനെയും കെപിഎംഎസ് മീഡിയയുടെ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടി കെ സുധീഷിനെയും പൊന്നാട അണിയിച്ച് സ്വീകരിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് പി എൻ സുരൻ അധ്യക്ഷത വഹിച്ചു .ശാന്ത ഗോപാലൻ, ശശി കൊരട്ടി, ടി കെ സുബ്രൻ, കെ പി ശോഭന, ഷാജു ഏത്താപ്പിള്ളി, ടി കെ സുധീഷ് എന്നിവർ സംസാരിച്ചു.