18 -മത് മൂർക്കനാട് സേവ്യർ അനുസ്മരണയോഗം; പത്രപ്രവർത്തനത്തിനോടും സമൂഹത്തിനോടും അഗാധമായ പ്രതിബദ്ധത പുലർത്തിയ വ്യക്തിയായിരുന്നു മൂർക്കനാട് സേവ്യറെന്ന് കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി
ഇരിങ്ങാലക്കുട : ആധുനിക സാങ്കേതികവിദ്യയുടെ സൗകര്യങ്ങൾ ഇല്ലാത്ത കാലത്തും പത്രപ്രവർത്തനത്തിനോടും സമൂഹത്തിനോടും അഗാധമായ പ്രതിബദ്ധത പുലർത്തിയ വ്യക്തി ആയിരുന്നു മൂർക്കനാട് സേവ്യറെന്ന് കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ നേതൃത്വത്തിൽ ശക്തി സാംസ്കാരിക വേദിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 18-മത് മൂർക്കനാട് സേവ്യർ അനുസ്മരണ യോഗത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമി പത്രത്തിന് വേണ്ടി വാർത്താ ശേഖരണത്തിനായി മൂർക്കനാട് സേവ്യർ നടത്തിയ ശ്രമങ്ങളും ത്യാഗങ്ങളും പുതിയ തലമുറ തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസ്സ് ക്ലബിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡണ്ട് പി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ശക്തി സാംസ്കാരിക വേദി പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കിഴുത്താണി, പി കെ ഭരതൻമാസ്റ്റർ , ഡോ സി കെ രവി എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നിർവഹിച്ചു. കെ ഹരി , കാറളം രാമചന്ദ്രൻ നമ്പ്യാർ, ജോസ് മഞ്ഞില, വി ആർ രഞ്ജിത്ത് മാസ്റ്റർ, എം എസ് ദാസൻ തുടങ്ങിയവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി നവീൻ ഭഗീരഥൻ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി മൂലയിൽ വിജയകുമാർ നന്ദിയും പറഞ്ഞു.