പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലി കാട്ടൂർ പഞ്ചായത്ത് ഭരണസമിതിയിൽ ഭരണകക്ഷിയായ എൽഡിഎഫിൽ ഭിന്നത ; പ്രസിഡണ്ട് സ്ഥാനം സംബന്ധിച്ച് കരാർ പാലിക്കാൻ സിപിഎം തയ്യാറാകുന്നില്ലെന്നും കാട്ടൂരിൽ മുന്നണിയിൽ നിന്നും വിട്ട് നില്ക്കുമെന്നും സിപിഐ; സിപിഐ വാദം തെറ്റെന്നും ധാരണ മണ്ഡലതലത്തിലാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും സിപിഎം.
ഇരിങ്ങാലക്കുട : പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലി കാട്ടൂർ പഞ്ചായത്ത് ഭരണസമിതിയിൽ ഭരണകക്ഷിയായ എൽഡിഎഫിൽ ഭിന്നത രൂക്ഷമാകുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ച ഘട്ടത്തിൽ പ്രസിഡണ്ട് സ്ഥാനം ആദ്യ നാല് വർഷം സിപിഎമ്മും തുടർന്ന് ഒരു വർഷം സിപിഐ യും പങ്കിടാമെന്ന് എൽഡിഎഫ് യോഗം തീരുമാനിച്ചിരുന്നതാണെന്നും എന്നാൽ ധാരണ പാലിക്കാൻ സിപിഎം തയ്യാറാകുന്നില്ലെന്നും വിമർശിച്ച് സിപിഐ രംഗത്ത് എത്തി. സിപിഎം നിലപാടിനെതിരെ കാട്ടൂരിൽ എൽഡിഎഫിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചതായും അധികാരമോഹികളായ സിപിഎം നേതാക്കളുമൊത്ത് പ്രവർത്തിക്കാൻ സിപിഐ പ്രവർത്തകർക്ക് ബുദ്ധിമുട്ട് ഉണ്ടെന്നും സിപിഐ ലോക്കൽ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. പതിനാല് അംഗ ഭരണസമിതിയിൽ സിപി എമ്മിന് 7 ഉം സിപിഐ ക്ക് 2 ഉം യുഡിഎഫി ന് 4 ഉം ബിജെപി ക്ക് ഒരംഗവുമാണുള്ളത്. സിപിഎമ്മിലെ ഷീജ പവിത്രൻ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞതോടെ സിപിഎമ്മിലെ തന്നെ കുമാരി ടി വി ലതയാണ് പ്രസിഡണ്ടായി ചുമതലയേറ്റത്. ധാരണപ്രകാരം കഴിഞ്ഞ വർഷം അവസാനത്തോടെ സിപിഎം പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടതാണ് സിപിഐ പറയുന്നു. എന്നാൽ സിപിഐ നിലപാട് വാസ്തവ വിരുദ്ധമാണെന്നും പ്രസിഡണ്ട്, വൈസ്- പ്രസിഡണ്ട് സ്ഥാനങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എൽഡിഎഫ് മണ്ഡലം കമ്മിറ്റിയാണ് തീരുമാനിക്കാറുള്ളതെന്നും പ്രസിഡണ്ട് സ്ഥാനം ആദ്യത്തെ രണ്ട് വർഷം സിപിഎമ്മും തുടർന്ന് ഒരു വർഷം സിപിഐ യും ബാക്കി രണ്ട് വർഷം വീണ്ടും സിപിഎമ്മും എന്ന ധാരണയാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും രണ്ട് വർഷം കഴിഞ്ഞപ്പോൾ സ്ഥാനം എറ്റെടുക്കാൻ സിപിഐ തയ്യാറായില്ലെന്നും ഇക്കാര്യത്തിൽ ഇനി വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരുന്നതാണെന്നും സിപിഎം കാട്ടൂർ നേതൃത്വം ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു.